'ദൈവത്തെയോർത്ത് ഗസ്സയെ രക്ഷിക്കണം'; ആൻഫീൽഡിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി ലിവർപൂൾ ആരാധകര്‍

പ്രീമിയർ ലീഗ് വിലക്ക് മറികടന്നായിരുന്നു ആന്‍ഫീല്‍ഡില്‍ ആരാധകരുടെ ഐക്യദാർഢ്യപ്രകടനം

Update: 2023-10-22 14:55 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ കുരുതിക്കിരയാകുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി ലിവർപൂൾ ആരാധകർ. ഇന്നലെ ആൻഫീൽഡിൽ എവർട്ടനെതിരെ നടന്ന മത്സരത്തിലായിരുന്നു ഫലസ്തീൻ പതാകകളും പ്ലക്കാർഡുകളുമായി ആരാധകരെത്തിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രീമിയർ ലീഗ് അധികൃതർ ഇസ്രായേൽ-ഫലസ്തീൻ പതാകകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മറികടന്നായിരുന്നു ആരാധകരുടെ ഐക്യദാർഢ്യപ്രകടനം.

മത്സരത്തിനിടെയാണ് ലിവർപൂൾ ആരാധകർ ഫലസ്തീൻ പതാക ഉയർത്തിയത്. ദൈവത്തെയോർത്ത് ഗസ്സയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡും ഗാലറിയിൽ ഉയർന്നു. ഫലസ്തീനിലും ഇസ്രായേലിലും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു മത്സരം ആരംഭിച്ചത്. ഇരുടീമുകളും അണിനിരന്നു മൗനമാചരിച്ചായിരുന്നു ആദരം.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് നേരത്തെ ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാഹ് രംഗത്തെത്തിയിരുന്നു. ഇനിയും നിരപരാധികളായ കുഞ്ഞുങ്ങളടക്കം കൊലചെയ്യപ്പെടുന്നതു തടയാൻ ലോക നേതാക്കൾ ഇടപെടണമെന്ന് താരം ആവശ്യപ്പെട്ടു. അതീവഗുരുതരമായ സാഹചര്യം നേരിടുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്നും സലാഹ് വിഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന് ലിവർപൂൾ എവർട്ടനെ തകർത്തു. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളാണ് ചെമ്പടയെ തുണച്ചത്. അവസാന ഘട്ടം വരെ ഗോൾരഹിത സമനിലയിൽ മത്സരം പുരോഗമിക്കുമ്പോഴായിരുന്നു 75-ാം മിനിറ്റിൽ സലാഹിന്റെ ആദ്യ ഗോൾ പിറന്നത്. എക്‌സ്ട്രാ ടൈമിൽ മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെയായിരുന്നു രണ്ടാം ഗോൾ.

Summary: Liverpool fans stand in solidarity with Palestinians under Israeli attack in Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News