ടോട്ടനവും കടന്ന് സിറ്റി കിരീടത്തിലേക്ക്; ആഴ്‌സനലിനെ വെട്ടി വീണ്ടും തലപ്പത്ത്
ടോട്ടനം സിറ്റിയോട് തോൽവി വഴങ്ങിയതോടെ നാല് പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ആസ്റ്റൺ വില്ല.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഇതോടെ ഒരു ജയം അകലെ മറ്റൊരു ചാമ്പ്യൻഷിപ്പ് കൂടിയാണ് പെപ് ഗ്വാർഡിയോള സംഘത്തെ കാത്തിരിക്കുന്നത്. ആഴ്‌സനലിന്റെ കിരീട പ്രതീക്ഷകൾക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ് സിറ്റിക്കുള്ളത്. അത്രയും മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ആഴ്സണലിനുള്ളത്. ഇരു ടീമിനും ഒരു കളി മാത്രം ബാക്കി നിൽക്കെ അടുത്ത മത്സരം കൂടി വിജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം.
ടോട്ടനം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളംനിറഞ്ഞതോടെ മത്സരം ആവേശമായി. ആദ്യ പകുതി 0-0 പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ സ്റ്റാർ സ്ട്രക്കർ എർലിങ് ഹാളണ്ടിലൂടെ(51) സിറ്റി ലീഡെടുത്തു. കെവിൻ ഡി ബ്രൂയിനെയുടെ പാസ് നോർവെ കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു. 91ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സിറ്റി ഗോൾ നേട്ടം രണ്ടാക്കി. ലീഗിൽ സിറ്റിക്ക് ഇനി വെസ്റ്റ് ഹാമിനെതിരെയും ആഴ്സണലിന് എവർട്ടണിനെതിരെയുമാണ് മത്സരം. രണ്ടാം പകുതിയിൽ ഗോളിമാത്രം മുന്നിൽ നിൽക്കെ ടോട്ടനം ക്യാപ്റ്റൻ ഹ്യുംമിൻ സണിന് മികച്ച അവസരം ലഭിച്ചു. എന്നാൽ പകരക്കാരനായി കളത്തിലിറങ്ങിയ ഗോൾകീപ്പർ സ്റ്റെഫാൻ ഒർടെഗ അവിശ്വസിനീയമാംവിധം തട്ടിയകറ്റി. എട്ടാം കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. തുടർച്ചയായ നാലാം കിരീടവും. 2003-04 സീസണിൽ അവസാനമായി കിരീടം നേടിയ ആഴ്സണലിന് പിന്നീട് ഒരിക്കലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ മൂന്ന് തവണയാണ് ആഴ്സണൽ കിരീടം നേടിയിട്ടുള്ളത്.
അതേസമയം, ടോട്ടനം സിറ്റിയോട് തോൽവി വഴങ്ങിയതോടെ 41 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ആസ്റ്റൺ വില്ല. ടേബിളിൽ നാലാം സ്ഥാനംനിലനിർത്താനായതോടെയാണ് യൂറോപ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലേക്കുള്ള വഴിയൊരുങ്ങിയത്. നിലവിൽ 37 മാച്ചിൽ 20 ജയവുമായി 68 പോയന്റാണ് വില്ലയുടെ സമ്പാദ്യം. അഞ്ചാമതുള്ള ടോട്ടനത്തിന് 37 മാച്ചിൽ 63 പോയന്റാണുള്ളത്. സീസണിലെ അവസാന മാച്ചിൽ തോറ്റാൽ പോലും വില്ലക്ക് ഭീഷണിയില്ല. 1982-83 കാലഘട്ടത്തിലാണ് ടീം അവസാനമായി ചാമ്പ്യൻസ് ലീഗിൽ കളിച്ചത്.