ലാലിഗ കിരീടമില്ലാതെ ബാഴ്‌സ; 'ശകുനപ്പിഴ'യായത് മെസിയുടെ അത്താഴമോ?
നന്നായി കളിക്കാതെ ബാഴ്‌സ തോറ്റതിന്റെ കുറ്റം, മെസി സഹതാരങ്ങൾക്കു നൽകിയ അത്താഴത്തിന്റെ ചുമലിലിടുകയാണ് ചിലർ
കായികലോകത്ത്, പ്രത്യേകിച്ച് ഫുട്‌ബോളിൽ അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമില്ല. കളിക്കളത്തിൽ പുറത്തെടുക്കുന്ന മികവാണ് മത്സരഫലങ്ങൾ നിർണയിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെങ്കിലും പരാജയത്തിന്റെയും തിരിച്ചടികളുടെയും ഉത്തരവാദിത്തം 'ശകുനപ്പിഴ'യുടെ പിടലിയിൽ വെക്കുന്നവരുടെ എണ്ണം കുറവല്ല. ആരാധകർ മുതൽ ലോകമറിയുന്ന കളിക്കാർ വരെ ഇങ്ങനെ ചില അന്ധവിശ്വാസങ്ങൾ പേറുന്നവരാണ്.
ടീമിലെ മറ്റെല്ലാവർക്കും ശേഷം മാത്രമേ താൻ കളത്തിലിറങ്ങൂ എന്നു വാശിപിടിച്ചിരുന്ന കോളോ ടൂറെ, ടീം ബസ്സിലെ ഒരേ സീറ്റിൽ മാത്രം ഇരിക്കുകയും മത്സരദിവസം ഒരേ പാട്ട് തന്നെ കേൾക്കുകയും ചെയ്തിരുന്ന ജോൺ ടെറി, ആരാധകന് സമ്മാനം നൽകിയ ജഴ്‌സി ഫോംമങ്ങിയതോടെ തിരിച്ചുവാങ്ങിയ പെലെ എന്നിങ്ങനെ ശകുനത്തിൽ വിശ്വാസമുള്ള നിരവധി കളിക്കാരുണ്ട്. അന്നപാനം കഴിക്കാതെ ടീമിന്റെ കളികാണാൻ വരുന്നതു മുതൽ, ഗോൾപോസ്റ്റിനു സമീപം കൂടോത്രം ചെയ്ത വസ്തുക്കൾ കുഴിച്ചിടുക വരെ ചെയ്യുന്ന ആരാധകർ ഇതിനു പുറമെയാണ്.
ഏതായാലും, ഇത്തവണ സ്പാനിഷ് ലാലിഗയിൽ ബാഴ്‌സലോണയുടെ കിരീടമോഹങ്ങൾ അവസാനിച്ചതോടെ ദോഷൈകദൃക്കുകളായ ചില ആരാധകരെങ്കിലും 'ശകുനപ്പിഴ'യുടെ പിറകെയാണ്. സീസൺ തുടക്കത്തിലെ പതർച്ചക്കു ശേഷം 2021-ൽ മികച്ച ഫോമിൽ തിരിച്ചെത്തിയ ടീമിന് പിഴച്ചത് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലാണ്. കിരീടപ്പോരാട്ടം മുറുകിനിൽക്കെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെയാണ് റൊണാൾഡ് കൂമന്റെ സംഘം അവസാന ലാപ്പിന് കാത്തുനിൽക്കാതെ വീണുപോയത്. ശനിയാഴ്ച നടത്തുന്ന മത്സരത്തിൽ എയ്ബറിനെ ബാഴ്‌സ എത്രവലിയ മാർജിനിൽ വീഴ്ത്തിയാലും അത്‌ലറ്റികോ മാഡ്രിഡ് അല്ലെങ്കിൽ റയൽ മാഡ്രിഡ് ആയിരിക്കും 2020-21 സീസണിലെ ലാലിഗ ചാമ്പ്യന്മാർ.
'പാളിപ്പോയ' അത്താഴം
ഈ മാസം (മെയ്) നാലാം തിയ്യതി ബാഴ്‌സലോണ ടീമംഗങ്ങൾ ക്യാപ്ടനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ വീട്ടിൽ അത്താഴവിരുന്നിന് ഒരുമിച്ചു കൂടിയിരുന്നു. മൂന്നിന് വലൻസിയയെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിച്ചതിനു പിന്നാലെയാണ് ക്യാപ്ടൻ ടീമംഗങ്ങളെ കടലോര നഗരമായ കാസ്റ്റൽഡിഫൽസിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. ലീഗിൽ നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ, എല്ലാം ജയിച്ചാൽ ചാമ്പ്യന്മാരാവാം എന്നതായിരുന്നു ആ സമയത്ത് ബാഴ്‌സയുടെ സാധ്യത. മെയ് എട്ടിന് അത്‌ലറ്റികോ മാഡ്രിഡിനെതിരെയടക്കമുള്ള നാല് മത്സരങ്ങളും ജയിക്കാൻ ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതായിരുന്നു വിരുന്നിന്റെ ലക്ഷ്യം.
കളിക്കാരും അവരുടെ പങ്കാളികളും ക്ലബ്ബിലെ മറ്റ് ജീവനക്കാരുമടക്കം 50-ലധികം പേർ വിരുന്നിനെത്തി. കൽക്കരിയിൽ ചുട്ട മാംസമായിരുന്നു, ചെറിയൊരു ഫുട്‌ബോൾ മൈതാനവും ടെന്നിസ് കോർട്ടും നീന്തൽക്കുളവുമടങ്ങുന്ന മെസ്സിയുടെ മാൻഷനിൽ അന്നു രാത്രി വിളമ്പിയ പ്രധാന വിഭവം. എന്തു വിലകൊടുത്തും ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുമെന്നുറപ്പിച്ച കളിക്കാർ, മാൻഷനു മുന്നിലെ പുൽത്തകിടിയിൽ വെച്ച് ഉച്ചത്തിൽ 'ചാമ്പ്യൻസ്, ചാമ്പ്യൻസ്' എന്ന് ആർത്തുവിളിക്കുന്നത് സ്പാനിഷ് ചാനലായ ഗോൾ സംപ്രേഷണം ചെയ്യുകയും ചെയ്തു.
എന്നാൽ, വിരുന്നിനു ശേഷം ബാഴ്‌സ കളിക്കാരും ആരാധകരും ആഗ്രഹിച്ചതല്ല ഫുട്‌ബോൾ മൈതാനത്ത് നടന്നത്. അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അപ്പോഴും ടീമിന്റെ സാധ്യതകൾ സജീവമായിരുന്നു. പക്ഷേ, ലെവാന്റെക്കെതിരെ അവിശ്വസനീയമാംവിധം ടീം സമനില വഴങ്ങി. മെസിയുടെയും പെഡ്രിയുടെയും ഗോളുകളിൽ ആദ്യപകുതിയിൽ രണ്ട് ഗോളിന് ബാഴ്‌സ മുന്നിലെത്തിയെങ്കിലും രണ്ടാംപകുതി തുടങ്ങി കാൽമണിക്കൂറിനുള്ളിൽ ലെവാന്റെ രണ്ടു ഗോളും മടക്കി. ഉസ്മാൻ ഡെംബലെ ഒരിക്കൽക്കൂടി ടീമിനെ മുന്നിലെത്തിച്ചെങ്കിലും ആ ലീഡും സംരക്ഷിക്കാൻ കാറ്റലൻ പടയ്ക്കു കഴിഞ്ഞില്ല.
ലെവാന്റെക്കെതിരായ സമനില ടീമിന്റെ സാധ്യതകളെ കാര്യമായി തകർത്തു. അപ്പോൾ പോലും, അവശേഷിക്കുന്ന രണ്ട് റൗണ്ടിൽ അത്‌ലറ്റികോയ്ക്കും റയലിനും തിരിച്ചടി പറ്റിയാൽ ചാമ്പ്യന്മാരാവാനുള്ള സാധ്യത ബാഴ്‌സക്കുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടിൽ സെൽറ്റവിഗയോട് തോൽവി പിണഞ്ഞതോടെ മുൻ ചാമ്പ്യന്മാരുടെ കട്ടയും പടവും മടങ്ങി. ഇത്തവണയും മെസിയുടെ ഗോളിൽ ആദ്യം ലീഡെടുത്ത ശേഷമായിരുന്നു ബാഴ്‌സയുടെ തോൽവി.
ഇതോടെയാണ് ചിലർ അത്താഴവിരുന്നിനെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിരിക്കുന്നത്.
അധികൃതരും പിന്നാലെയുണ്ട്
മെസിയുടെ അത്താഴത്തിനു ശേഷം കളിക്കളത്തിൽ മാത്രമല്ല, പുറത്തും ടീമിന് തലവേദനയാണുണ്ടായത്. പരമാവധി ആറു പേർ മാത്രമേ സംഘം ചേരാവൂ എന്ന കോവിഡ് പ്രൊട്ടോകോൾ ലംഘിച്ചാണ് മെസി അൻപതിലേറെ പേരടങ്ങുന്ന സംഘത്തിന് വിരുന്നൊരുക്കിയത് എന്ന് കണ്ടെത്തിയ കാറ്റലോണിയ ഹെൽത്ത് ഏജൻസി, ഇക്കാര്യത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എന്നാൽ, കളിക്കാരെല്ലാം ഒരേ സോഷ്യൽ ബബിളിനുള്ളിൽ ഉള്ളവരാണെന്നും ഒരുമിച്ച് പരിശീലിക്കുകയും കളിക്കുകയും യാത്രചെയ്യുകയും ചെയ്യുന്ന അവരുടെ വിരുന്ന് നിയമവിരുദ്ധമല്ലെന്നുമുള്ള ന്യായീകരണവുമായി ബാഴ്‌സ ക്ലബ്ബ് മെസിക്ക് പിന്തുണ പ്രഖ്യാപിച്ചു. മാത്രമല്ല, വിരുന്നിൽ ടേബിളുകൾ സാമൂഹ്യ അകലം പാലിച്ചാണ് ഇട്ടിരുന്നതെന്നും ക്ലബ്ബ് വാദിച്ചു.
ഏതായാലും, കുറ്റം ചെയ്‌തെന്ന് അധികൃതർ കണ്ടെത്തിയാൽ മെസി 3,000 യൂറോ മുതൽ 60,000 യൂറോ വരെ (2.67 ലക്ഷം മുതൽ 53.5 ലക്ഷം രൂപ വരെ) പിഴയടക്കേണ്ടി വന്നേക്കാം.