'മെസി ലോകഫുട്‌ബോളിലെ മികച്ച താരം, വേറെയാരെങ്കിലുമാകാൻ അദ്ദേഹം വിരമിക്കണം'; പ്രതികരിച്ച് ഹാളണ്ട്
2023ലെ ബാലൻ ഡ്യോറിനായി മെസിയും ഹാളണ്ടും തമ്മിലായിരുന്നു പ്രധാന മത്സരം
അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയാണ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമെന്നും മറ്റാരെങ്കിലും ആ സ്ഥാനത്തെത്താൻ അദ്ദേഹം വിരമിക്കണമെന്നും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട്. യുവേഫാ ചാമ്പ്യൻസ് ലീഗ് റൗണ്ട് 16ന്റെ രണ്ടാം പാദത്തിൽ എഫ്‌സി കോപ്പൻ ഹേഗനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
നോർവീജിയൻ ഫുട്‌ബോളറുടെ വാക്കുകൾ മാധ്യമപ്രവർത്തകനായ ഇയാൻ ചീസ്മാനടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഫുട്‌ബോൾ രംഗത്തെ നേട്ടങ്ങൾ കൈവരിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നും 23കാരനായ ഹാളണ്ട് പറഞ്ഞു. 2023ലെ ബാലൻ ഡ്യോറിനായി മെസിയും ഹാളണ്ടും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാൽ മെസി എട്ടാമതും നേട്ടം കയ്യിലാക്കുകയായിരുന്നു. 2023 മികച്ച പുരുഷ ഫുട്‌ബോളർക്കായി താരം പോരാടി, പക്ഷേ അവിടെയും മെസി ജയിച്ചു.
മാഞ്ചസ്റ്റർ സിറ്റിയിൽ 2022ൽ ചേർന്ന ഹാളണ്ട് മികച്ച പ്രകടനമാണ് ആദ്യ സീസണിൽ നടത്തിയത്. 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണ് താരം നേടിയത്. 2023-24 സീസണിൽ 25 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്. അതേസമയം, ഇൻറർ മയാമി കളിക്കുന്ന മെസി 13 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയിരിക്കുന്നത്.