മെസി, എംബാപ്പെ: ഗോൾഡൻ ബോളിനും ബൂട്ടിനുമായുള്ള പോരാട്ടം ശക്തം
കനക കിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി
ആദ്യസെമി ഫൈനൽ പോരാട്ടം കഴിഞ്ഞതോടെ ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമായി. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.
കരിയറിന്റെ അന്ത്യത്തിൽ ലോകകകിരീടം കൊതിച്ച് ഖത്തറിന്റെ കളിമൈതാനങ്ങളിൽ മായാജാലം കാട്ടുന്ന ലയണൽ മെസി, ചെറുപ്പത്തിന്റെ തിളപ്പിൽ തീപടർത്തുന്ന കിലിയൻ എംബാപ്പെ, അവഗണനയ്ക്ക് മേൽ കെട്ടിപ്പടുത്ത കളിജീവിതത്തിന്റെ നിർണായക നിമിഷത്തിലുള്ള ഒലീവിയർ ജിറൂദ് എന്നിവർ പോരടിക്കുമ്പോൾ ഈ നേട്ടങ്ങൾ ആര് സ്വന്തമാക്കുമെന്ന് പറയുക കഷ്ടമായിരിക്കും.
കനക കിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി. കളിമെനയാനും ഗോളടിക്കാനും മെസി തന്നെ മുന്നിൽ. തുടക്കത്തിലേ തിരിച്ചടി നേരിട്ട അർജൻറീനയെ കൈപിടിച്ച് ഉയർത്തി, അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസ്സി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി.
കിലിയൻ എംബാപ്പെയും സാക്ഷാൽ ലയണൽ മെസിയുമാണ് ഗോൾ വേട്ടക്കാരിൽ ഒന്നാമതായുള്ളത്. അഞ്ച് ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്. ഫ്രഞ്ച് ആരാധകർക്കിടയിൽ പോലും സ്വീകാര്യനല്ലാത്ത ജിറൂദ് ഖത്തറിൽ ഗോളടിച്ച് കൂട്ടുകയാണ്. ടിപ്പിക്കൽ സ്‌ട്രൈക്കർ എന്ന നിലയിൽ ലോകകപ്പിൽ ഏറ്റവും തിളങ്ങിയ താരം. 4 ഗോളുകളാണ് ജിറൂദ് ഇതുവരെ നേടിയത്. ഗോൾ നേട്ടത്തിൽ തിയറി ഹെന്റിയെ മറികടന്ന ജിറൂദ് സെമിയിലും ഫ്രഞ്ച് ആക്രമണത്തിന്റെ മുനമ്പിലുണ്ടാകും.