ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പൊടിച്ച് മുംബൈ; ജയം 2-1ന്
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ലഭിച്ച ഇഞ്ചുറി ടൈമിലാണ് മുംബൈ സിറ്റി ആദ്യ ലീഡ് നേടിയത്.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈയ്ക്ക് മുന്നിൽ വീണ് കേരളത്തിന്റെ കൊമ്പന്മാർ. കളിയിലുടനീളം ആധിപത്യം പുലർത്തിയ മുംബൈ സിറ്റി എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത്.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ലഭിച്ച ഇഞ്ചുറി ടൈമിലാണ് മുംബൈ സിറ്റി ആദ്യ ലീഡ് നേടിയത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ പെരെയ്‌റ ഡയസാണ് മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് ആദ്യ ഗോൾ പായിച്ചത്. തുടർന്ന് പ്രതിരോധവും ഗോളിനായുള്ള പരിശ്രമവും ശക്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വിജയിക്കുന്നതാണ് 57ാം മിനിറ്റിൽ കാണാനായത്.
ഡാനിഷ് ഫാറൂഖിന്റെ കാലിൽ നിന്ന് പാഞ്ഞ തകർപ്പൻ ഷോട്ട് ആതിഥേയരുടെ വല കുലുക്കി. ഇതോടെ സ്‌കോർ ബോർഡിൽ സമനില. എന്നാൽ വിട്ടുകൊടുക്കാൻ മുംബൈ തയാറായിരുന്നില്ല. വെറും ഒമ്പത് മിനിറ്റ് മാത്രമായിരുന്നു അടുത്ത തിരിച്ചടിയിലേക്ക് ദൂരം. 66ാം മിനിറ്റിൽ ലാലെങ്മാവിയ റാൾട്ടെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി.
ഇതിന് മറുപടി നൽകാൻ പിന്നീടുള്ള സമയമത്രയും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഇടയ്ക്ക് ക്വാമി പെപ്ര വല ലക്ഷ്യമാക്കി പന്ത് തൊടുത്തെങ്കിലും ഗോൾപോസ്റ്റിനെ തൊട്ടുരുമ്മിപ്പോവുകയായിരുന്നു.
ഒടുവിൽ നിശ്ചിത സമയവും കഴിഞ്ഞ് അധികസമയം അനുവദിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിനെ ഭാഗ്യം തുണച്ചില്ല. ഗോളിനായി മഞ്ഞപ്പട 10 ശ്രമങ്ങൾ നടത്തിയപ്പോൾ ഒമ്പതെണ്ണമാണ് മുംബൈ നിരയിൽ നിന്നുണ്ടായത്. 455 പാസുകൾ മുംബൈ സിറ്റിയിൽ നിന്നുണ്ടായപ്പോൾ അതിഥികളുടെ ഭാഗത്തുനിന്നുണ്ടായത് കേവലം 320 എണ്ണം.
അതേസമയം, രണ്ടാം ഘട്ട അധികസമയത്തിന്റെ 13ാം മിനിറ്റിൽ ഇരു ടീമംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനും ഗ്രൗണ്ട് സാക്ഷിയായി. തുടർന്ന് മുംബൈയുടെ യോവെൽ വാൻ നിയെഫിനും ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിൻകിഞ്ചിനും ചുവപ്പ് കാർഡ് നൽകിയാണ് റഫറി തർക്കം നിയന്ത്രണവിധേയമാക്കിയത്. ഒടുവിൽ 17ാം മിനിറ്റിൽ കളിക്ക് അവസാന വിസിൽ മുഴങ്ങി.
മുംബൈയ്‌ക്കെതിരായ തോൽവിയോടെ പോയിന്റ് പട്ടികയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബെംഗളൂരു എഫ്.സിക്കും ജംഷഡ്പൂരിനും എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ മുംബൈയ്‌ക്കെതിരെ ഇറങ്ങിയത്.
ആദ്യ കളിയിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയുടെ മാന്തിക ഗോളിൽ 1-0 നായിരുന്നു മഞ്ഞപ്പടയുടെ വിജയം.