ഇഷ്ഫാഖല്ല; സൂപ്പർകപ്പിനായി കേരളബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ
2008 - 2009 ല്‍ ബെല്‍ജിയം ക്ലബ്ബായ വെസ്‌ട്രെല്ലൊയിലൂടെ ആണ് ഫ്രാങ്ക് ഡൗവെന്‍ പരിശീലന കരിയര്‍ ആരംഭിച്ചത്, ഫ്രാങ്ക് ഡൗവെന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പരിശീലകനെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വുകമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഫ്രാങ്ക് ഡൗവിനാണ് സൂപ്പര്‍ കപ്പിലെ ചുമതലകള്‍ നല്‍കിയത്. 2022 മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അസിസ്റ്റന്റ് മാനേജര്‍ ആണ് 55 കാരനായ ഫ്രാങ്ക് ഡൗവെന്‍. 2008 - 2009 ല്‍ ബെല്‍ജിയം ക്ലബ്ബായ വെസ്‌ട്രെല്ലൊയിലൂടെ ആണ് ഫ്രാങ്ക് ഡൗവെന്‍ പരിശീലന കരിയര്‍ ആരംഭിച്ചത്.
അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്. നേരത്തെ അഷ്ഫാഖിന്റെെ പേര് പരിശീലക സ്ഥാനത്തേക്ക് സജീവമായിരുന്നു. സൂപ്പര്‍ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാന്‍ഡ് കപ്പിലും വുകോമാനോവിച്ച് പരിശീലകനാവാന്‍ കഴിയില്ല. അതേസമയം ഈ രണ്ട് ടൂര്‍ണമെന്റിലും ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയാല്‍ വരുന്ന ഐഎസ്എല്‍ സീസണില്‍ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം.
ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ബംഗളൂരു എഫ് സിയും ഗ്രൂപ്പ് എ യില്‍ ആണ് എന്നതും ശ്രദ്ധേയം. ഏപ്രില്‍ 16 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ബംഗളൂരു എഫ് സിയും തമ്മിലെ പോരാട്ടം.
കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്.