തോൽക്കാതെ 27 കളികൾ; പോഗ്ബയും കാന്റെയും ഫ്രാൻസിന്റെ 'ഭാഗ്യനക്ഷത്രങ്ങൾ'
കരുത്തിന്റെ കാര്യത്തിൽ ജർമനിക്ക് ഒരുപടി മുമ്പിലാണ് ദിദിയർ ദെഷാംപ്‌സിന്റെ സൈന്യം
യൂറോ കപ്പിലെ ഏറ്റവും ആവേശകരമായ പോരിന് ഒരുങ്ങുകയാണ് ഫ്രാൻസും ജർമനിയും. പോർച്ചുഗലും ഹംഗറിയും ഉൾപ്പെട്ട മരണഗ്രൂപ്പിൽ ഒന്നൊന്നര പോരാണ് ഇന്നത്തേത്. പുലർച്ചെ പന്ത്രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞ ഒന്നും ഇരുടീമുകളുടെയും മനസ്സിലില്ല.
എന്നാൽ ലോകം കീഴടക്കിയ ഫ്രാൻസിനെ പിടിച്ചുകെട്ടാൻ ജോക്കിം ലോയുടെ ജർമനിക്ക് ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാരണം, കരുത്തിന്റെ കാര്യത്തിൽ ജർമനിക്ക് ഒരുപടി മുമ്പിലാണ് ദിദിയർ ദെഷാംപ്‌സിന്റെ സൈന്യം.
മുന്നേറ്റ നിരയിൽ റയൽ മാഡ്രിഡിന്റെ കരിം ബെൻസേമയെ കോച്ച് തിരികെ വിളിച്ചിട്ടുണ്ട്. കൂടെ പിഎസ്ജി സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ബാഴ്‌സയിലെ ഗ്രീസ്മാനും. തൊട്ടുപിന്നിൽ എൻഗോളെ കാന്റെയും പോൾ പോഗ്ബയും. കൂടെ അഡ്രിയൻ റാബിയട്ടോ ടോളിസോയോ ഉണ്ടാകും. പ്രതിരോധത്തിൽ പാവദും കിംപെബേയും വരാനെയും ആദ്യ ഇലവനിലുണ്ടാകും. ഹ്യൂഗോ ലോറിസായിരിക്കും വല കാക്കുക.
ഫോമിന്റെ ഉത്തുംഗതയിലാണ് കാന്റെയും പോഗ്‌ബെയും. ഇരുവരും ഒന്നിച്ച് ടീമിനായി കളത്തിലിറങ്ങിയ 27 മത്സരങ്ങളിൽ ഫ്രാൻസ് തോറ്റിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർത്തിയേടത്തു നിന്ന് കാന്റെ തുടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഫുട്‌ബോളിൽ വേഗതയ്‌ക്കൊപ്പം വന്യതയും കൂടിച്ചേരുമ്പോൾ എംബാപ്പെ എന്ന പേരായി. കളത്തിൽ 'നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ തടയൂ' എന്ന സ്റ്റൈലാണ് എംബാപ്പെയുടേത്. പിഎസ്ജിക്കായി 47 കളികളിൽ നിന്ന് 42 ഗോളാണ് ഈ സീസണിൽ എംബാപ്പെ നേടിയിട്ടുള്ളത്. ഏതായാലും പോരാട്ടത്തിന്റെ പൂരത്തിലേക്ക് ഇനിയില്ല അധികം ദൂരം.