റോണോക്ക് പിന്നാലെ പോഗ്ബ; വാർത്താ സമ്മേളനത്തിനിടെ മദ്യക്കുപ്പി എടുത്തു മാറ്റി

ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാറില്ല.

Update: 2021-06-16 11:00 GMT
Editor : abs
Advertising

മ്യൂണിച്ച്: വാർത്താ സമ്മേളനത്തിൽ മുമ്പിലിരുന്ന ബിയർ കുപ്പി എടുത്തുമാറ്റി ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുന്നിലുള്ള ഹെനേകൻ കമ്പനിയുടെ ബിയർ കുപ്പി പോഗ്‌ബോ എടുത്തു മാറ്റിയത്. യൂറോയുടെ പ്രധാന സ്‌പോൺസർമാരിലൊരാളാണ് ഹെനേകൻ.

പോഗ്ബയ്ക്ക് മുമ്പിൽ കോളയുടെ രണ്ട് കുപ്പികളും ഒരു ബിയർ കുപ്പിയും ഒരു വെള്ളക്കുപ്പിയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ബിയർ കുപ്പിയെടുത്ത് അദ്ദേഹം താഴേക്കു വയ്ക്കുകയായിരുന്നു. നേരത്തെ, വാർത്താ സമ്മേളനത്തിനിടെ കോളയുടെ കുപ്പിയെടുത്ത് മാറ്റിവച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ നടപടി വാർത്താപ്രധാന്യം നേടിയിരുന്നു. 


ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാറില്ല. ടീമിന്റെ ഷാംപയിൻ ആഘോഷങ്ങൡലും പങ്കുചേരാറില്ല. 2019ലാണ് പോഗ്ബ ഇസ്‌ലാം സ്വീകരിച്ചത്.

യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജയിച്ചത്. ജർമൻ താരം മാറ്റ് ഹുമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന് ജയമൊരുക്കിയത്.

കൊക്കകോളയ്ക്ക് കോടികളുടെ നഷ്ടം

യൂറോ കപ്പിനിടെയുള്ള വാർത്താ സമ്മേളനത്തിൽ കൊക്കോ കോളയുടെ കുപ്പികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്തുമാറ്റിയ ശേഷം വിപണിയിൽ കൊക്കോ കോളക്ക് വൻ തിരിച്ചടി. ഓഹരി വില 1.6 ശതമാനമാണ് ഇടിഞ്ഞത്. കൊക്കോ കോളയുടെ വിപണി മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി കുറഞ്ഞു. നാല് ബില്യൺ ഡോളറിൻറെ നഷ്ടം.


അതിനിടെ, യൂറോ കപ്പിൻറെ സ്‌പോൺസർമാരായ കൊക്കകോള റൊണാൾഡോയുടെ നിലപാടിനോട് പ്രതികരിച്ചത് എല്ലാവർക്കും പാനീയങ്ങളുടെ കാര്യത്തിൽ അവരവരുടേതായ മുൻഗണനകളുണ്ട് എന്നാണ്. ആവശ്യങ്ങളും അഭിരുചികളും വ്യത്യസ്തമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വരുന്ന താരങ്ങൾക്ക് കോളയും വെള്ളവും നൽകാറുണ്ടെന്ന് യൂറോ വക്താവ് പ്രതികരിച്ചു.

Tags:    

Editor - abs

contributor

Similar News