ഒടുവില്‍ ഡിബാല; ഖത്തറില്‍ 'അരങ്ങേറ്റം'
ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി സ്കലോണി ഡിബാലയെ മൈതാനത്ത് അവതരിപ്പിച്ചു
ഡിബാല എവിടെയെന്ന ചോദ്യത്തിന് ഇന്ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് കോച്ച് ലയണല്‍ സ്കലോണി ഉത്തരം പറഞ്ഞു. കളിയുടെ 74-ാം മിനുട്ടില്‍ ഗ്യാലറിയില്‍ നിറഞ്ഞ കൈയ്യടികളോടെ അയാള്‍ ഖത്തര്‍ ലോകകപ്പില്‍ തന്‍റെ ആദ്യ മത്സരത്തിനിറങ്ങി.
''അവൻ പുറത്തിരിക്കുന്നത് ഞങ്ങളുടെ തന്ത്രപരമായ തീരുമാനങ്ങളുടെ ഭാഗമായാണ്. ഡിബാല ആരോഗ്യവാനാണ്. ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ല. ടീമിനെ അവൻ പുറത്തുനിന്ന് പിന്തുണക്കുന്നുണ്ട്. തീർച്ചയായും, കളത്തിലിറങ്ങാൻ അവൻ ആഗ്രഹിക്കുന്നുണ്ട്. അത് ഉടനെയുണ്ടാകും'' -സ്കലോണി മുന്‍പ് പറഞ്ഞ വാക്കുകള്‍ സത്യമായി
നിലവില്‍ ലോക ഫുട്ബാളിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് പൗളോ ഡിബാല. ഇറ്റാലിയൻ ലീഗിൽ ഡിബാല അത് തെളിയിച്ചിട്ടുമുണ്ട്. എന്നിട്ടും എന്താണ് റോമ താരത്തെ അർജന്റീന കളത്തിലിറക്കാത്തതെന്നായിരുന്നു അര്‍ജന്‍റീന നിരന്തരമായി നേരിട്ടുകൊണ്ടിരുന്ന ചോദ്യം.
ഈ ലോകകപ്പിലെ ഒരു മത്സരത്തിലും പകരക്കാരനായി പോലും കോച്ച് ലയണൽ സ്കലോണി ഇതുവരെ കളത്തിലിറക്കിയിട്ടില്ല. ടീമിൽ പലരും പരിക്കിന്റെ പിടിയിലായിട്ടും സ്ട്രൈക്കർ ലൗതാറോ മാർട്ടിനെസ് ഫോമില്ലാതെ പുറത്തിരുന്നിട്ടും ഡിബാലയെ പരീക്ഷിക്കാൻ സ്കലോണി മുതിർന്നിട്ടില്ല.
മിന്നും ഫോമിലുള്ള ക്യാപ്റ്റൻ ലയണൽ മെസ്സിയും ഡിബാലയും ഏറക്കുറെ ഒരേ പൊസിഷനിലാണ് കളിക്കുന്നതെന്നാണെന്നായിരുന്നു അതിനുള്ള കാരണം. മെസ്സിയെ പിൻവലിച്ചുവേണം കോച്ചിന് ഡിബാലയെ കളത്തിലിറക്കാൻ. മെസ്സി കളത്തിലിരിക്കേ, മറ്റൊരു പൊസിഷനിൽ ഡിബാലയെ പരീക്ഷിച്ചാൽ താരത്തിന്റെ സ്വതസിദ്ധമായ ഗെയിമിനെയും അത് ബാധിക്കും
സ്‌കലോണിക്കു മുന്‍പ് ജെറാര്‍ഡോ മാര്‍ട്ടിനോയും ഡിബാലയെ പുറത്തു നിര്‍ത്തിയിട്ടുണ്ട്. അന്നും കാരണമായി പറഞ്ഞുകേട്ടത് ലയണല്‍ മെസിയുമായുള്ള ഡിബാലയുടെ കളി ശൈലിയുടെ സാമ്യതയാണ്. ഈ മികവ് തന്നെയാണ് ഒരുപക്ഷേ അയാള്‍ക്ക് ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമായതും. ഫോള്‍സ് നൈനായി ഉപയോഗിക്കുയാണെങ്കിലും വിങ്ങില്‍ കളിക്കേണ്ടി വരുമ്പോഴും മിഡ്ഫീല്‍ഡിലും മെസിയെന്ന പ്ലേമേക്കര്‍ മിന്നും ഫോമിലുള്ളപ്പോള്‍ ഡിബാലയുടെ ആവശ്യം ടീമിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.
പക്ഷേ ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി സ്കലോണി അയാളെ മൈതാനത്ത് അവതരിപ്പിച്ചു. അര്‍ജന്‍റീന മൂന്ന് ഗോളിന് ലീഡ് ചെയ്യുമ്പോഴായിരുന്നു ഡിബാലക്ക് അവസരം ലഭിച്ചത്. 74-ാം മിനുട്ടിലാണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചെങ്കിലും കിട്ടിയ അവസരത്തില്‍ അദ്ദേഹം അധ്വാനിച്ചുതന്നെ കളിച്ചെന്ന് പറയാം. കളിയുടെ അവസാന മിനുട്ടുകളില്‍ മക് അലിസ്റ്ററിന് ഗോളടിക്കാന്‍ പാകത്തില്‍ അതിമനോഹരമായ പാസും ഡിബാല നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പക്ഷേ മക്അലിസ്റ്റര്‍ അത് അടിച്ചുപുറത്തേക്ക് കളഞ്ഞു.