മാഞ്ചസ്റ്റർ യുനൈറ്റഡിൽ പ്രതിസന്ധി; സൂപ്പർ താരം പോൾ പോഗ്ബ ക്ലബ്ബ് വിട്ടേക്കുമെന്ന് ഏജന്റ്
'പോൾ മാഞ്ചസ്റ്ററിൽ അസന്തുഷ്ടനാണ്. താൻ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് അവിടെ കഴിയുന്നില്ല. പുതിയൊരു ടീമും പുതിയ അന്തരീക്ഷവുമാണ് അവൻ ആഗ്രഹിക്കുന്നത്.'
ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്നതായി സൂചന. മാഞ്ചസ്റ്ററുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കുന്ന താരം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് കൂടുമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് താരത്തിന്റെ ഏജന്റ് മിനോ റയോള പറഞ്ഞു.
'മിനോ റയോള റായ് സ്‌പോർട്ടിനോട് പറഞ്ഞതിങ്ങനെ: പോൾ പോഗ്ബയുടെ (മാഞ്ചസ്റ്ററുമായുള്ള) കരാർ ജൂണിൽ അവസാനിക്കും. ഞങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡുമായി സംസാരിക്കും. എന്താണ് സംഭവിക്കുകയെന്ന് നോക്കാം. യുവന്റസിലേക്കാണോ? പോൾ (പോഗ്ബ) ഇപ്പോഴും ടൂറിൻ നഗരം ഇഷ്ടപ്പെടുന്നു. പോഗ്ബ യുവന്റസിലേക്ക് മടങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷേ, അത് യുവന്റസിന്റെ കൂടി പദ്ധതികളെ ആശ്രയിച്ചിരിക്കും.' - ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
'പോൾ മാഞ്ചസ്റ്ററിൽ അസന്തുഷ്ടനാണ്. താൻ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് അവിടെ കഴിയുന്നില്ല. പുതിയൊരു ടീമും പുതിയ അന്തരീക്ഷവുമാണ് അവൻ ആഗ്രഹിക്കുന്നത്.' - മിനോ റയോള പറഞ്ഞു.
പോഗ്ബ മാഞ്ചസ്റ്ററിൽ സന്തുഷ്ടനാണെന്നും അടുത്ത സീസൺ വരെ താരം ക്ലബ്ബിലുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരത്തിന്റെ സഹോദരൻ മത്യാസ് പോഗ്ബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭാവി സംബന്ധിച്ച് താരം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം മത്യാസ് കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് മിനോ റയോളയുടെ അഭിപ്രായ പ്രകടനം.
അതേസമയം, നിലവിലെ കരാർ കാലാവധി പൂർത്തിയാകുന്നതിനു മുമ്പുതന്നെ താരത്തെ ക്ലബ്ബിൽ നിലനിർത്തുന്നതിനുള്ള നടപടി ക്രമങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.