കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്ത് ആഴ്‌സണൽ, യുണൈറ്റഡിന് സമനില; ചുവപ്പ് കിട്ടി കസിമിറോ
മാഞ്ചസ്റ്റർ യുണൈറ്റഡും സതാംപ്ടണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്ത് ആഴ്‌സണൽ. ഫുൾഹാമിനെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ആർസണൽ പറപ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീം അഞ്ച് പോയന്റ് കൂടി ഉയർത്തി. ഹാട്രിക് അസിസ്റ്റുമായി ട്രൊണാർഡാണ് കളിയിൽ ഹീറോ ആയത്.
തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്താൻ ആർസണലിനായിരുന്നു. പതിനാറാം മിനിറ്റിൽ ആർസണൽ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയെങ്കിലും വാർ ഇടപെട്ട് അത് നിഷേധിച്ചു. പക്ഷേ 22-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ട്രൊസാർഡ് എടുത്ത കോർണറിൽ നിന്ന് ഗോൾ കണ്ടെത്തിയത് ഗബ്രിയേലായിരുന്നു. ലീഡെടുത്തത്തോടെ ആർസണൽ കളിയുടെ രീതി തന്നെ മാറ്റി പിന്നെ ഗോൾ ഒഴുകുകയായിരുന്നു.
ആദ്യ ഗോളിന്റെ ആരവം അടങ്ങുന്നതിന് മുൻപേ 26-ാം മിനിറ്റിൽ വല കുലുക്കി മാർട്ടിനെല്ലി. ഇത്തവണയും അസിസ്റ്റായി എത്തിയത് ട്രാൻസാർഡ് തന്നെ. സ്‌കോർ 2-0. ആദ്യ പകുതി അവസാനിക്കും മുൻപേ വീണ്ടും ട്രെൻസാർഡ് ഇത്തവണ ലക്ഷ്യം കണ്ടത് ഒഡെഗാർഡ് സ്‌കോർ 3-൦. രണ്ടാം പകുതിയിൽ ഒരു സമ്മർദ്ദവുമില്ലാതെ ആർസണൽ പന്തു തട്ടി. അതിൽ ജയിച്ചിരിക്കുന്നവരുടെ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ആക്രമണത്തിന് ഒരു കുറവുമുണ്ടായില്ല, 85-ാം മിനുറ്റിൽ ഗബ്രിയേൽ ജെസ്യൂസിൻറെ ഷോട്ട് ഫുൾഹാം ഗോളി ലെനോ രക്ഷപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ സ്‌കോർ വീണ്ടും ഉയർന്നേനെ.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ ലീഡ് അഞ്ച് പോയന്റ് ആയി ഉയർത്തി. 27 മത്സരങ്ങളിൽ നിന്ന് ആഴ്‌സണലിന് 66 പോയന്റാണുള്ളത്. ഫുൾഹാം 39 പോയന്റുമായി എട്ടാം സ്ഥാനത്താണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്ര തന്നെ മത്സരങ്ങളിൽ 61 പോയിൻറേയുള്ളൂ. ഒരു മത്സരം കുറവ് കളിച്ച് 50 പോയിൻറുമായി യുണൈറ്റഡാണ് മൂന്നാമതുള്ളത്.
യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിൽ അവസാനിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളിനായി അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ഗോൾവല കുലുക്കാനായില്ല. പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് സതാംപ്ടൺ. അതേസമയം മത്സരത്തിന്റെ ഭൂരിഭാഗ സമയവും പത്തുപേരെ വെച്ചാണ് യുണൈറ്റഡ് കളിച്ചത്. ആദ്യ പകുതിയിൽ 34-ാം മിനിറ്റിൽ ചന്നെ യുണൈറ്റഡ് താരം കസിമിറോ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു.
കളിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡിന് മികച്ചതൊന്നു പുറത്തെടുക്കാനായില്ല. നൽകുന്ന പാസുകളൊന്നും ലക്ഷ്യം കണ്ടതേയില്ല. യുണൈറ്റഡ് താരങ്ങൾ അലസമായി പന്തു തട്ടി. പതുക്കെ കളിയിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും കസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ടീമിന് ബോൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.
പ്രധാന മിഡ്ഫീൽഡറുടെ പുറത്താവൽ യുണൈറ്റഡിന് ആദ്യ പകുതിയിൽ തന്നെ കനത്ത തിരിച്ചടിയായി. അൽകാരെസിനെ ഫൗൾ ചെയ്തതിനായിരുന്നു കസിമിറോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്. ആദ്യം മഞ്ഞ കാർഡാണ് കാണിച്ചതെങ്കിലും റഫറി വാർ പരിശോധിക്കുകയും ഫൗളിന്റെ സ്വഭാവം മനസിലാക്കി ചുവപ്പ് കാർഡാക്കുകയുമായിരുന്നു. ഈ സീസണിലെ കസിറോയുടെ രണ്ടാമത്തെ പുറത്താവലാണിത്. ഇതോടെ അതായത് നാല് കളികളിൽ താരത്തിന് വിലക്ക് നേരിടേണ്ടിവരും.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഏറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളായില്ല. സതാംപ്ടൺ താരം വാർഡ് പ്രോസിന്റെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ ഉരുമ്മി പുറത്തു പോയി.