കൈകൊടുത്ത് സിറ്റിയും ലിവർപൂളും; പ്രീമിയർ ലീഗ് ബലാബലം സമനിലയിൽ
ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടം സമനിലയിൽ. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇറങ്ങിയ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗോൾ വീതം നേടിയാണ് (1-1) കൈകൊടുത്തത്. ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ നടന്ന ആവേശ പോരിൽ ആദ്യ പകുതിയിൽ ജോൺ സ്‌റ്റോൺസിലൂടെ (23) സിറ്റിയാണ് വലകുലുക്കിയത്. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മാക് അലിസ്റ്റർ (50) സമനില ഗോൾ നേടി. ഡാർവിൻ ന്യൂനസിനെ ബോക്‌സിൽ ഗോൾകീപ്പർ എഡേഴ്‌സൺ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. വമ്പൻമാരുടെ പോരാട്ടം സമനിലയായതോടെ ആഴ്‌സനൽ 64 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലിവർപൂളിനും 64 പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസമാണ് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചത്. 63 പോയന്റുള്ള സിറ്റിയാണ് മൂന്നാമത്.
കളിയുടെ തുടക്കം മുതൽ സിറ്റിയുടെ ആധിപത്യമായിരുന്നു. എർലിങ് ഹാളണ്ടും ഫിൽഫോഡനും ലിവർപൂൾ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. 23ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് നിലവിലെ ചാമ്പ്യൻമാർ ആദ്യഗോൾ നേടി. കെവിൻ ഡിബ്രുയിനെയെടുത്ത കോർണർ കൃത്യമായി സ്വീകരിച്ച് പ്രതിരോധ താരം ജോൺ സ്‌റ്റോൺസ് വലയിലേക്ക് തഴുകിയിട്ടു(1-0). ഗോൾ വീണതോടെ കൂടുതൽ ഉണർന്നു കളിച്ച ആതിഥേയർ കൗണ്ടർ അറ്റാക്കിലൂടെ കളംപിടിച്ചു. എന്നാൽ ആദ്യ പകുതിയിൽ സമനില നേടാനുള്ള അവസരങ്ങൾ ഡാർവിൻ ന്യൂനസും ലൂയിസ് ഡയസും നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ചെമ്പട സമനില പിടിച്ചു. സിറ്റി പ്രതിരോധ താരം നഥാൻ ആകെയുടെ പിഴവാണ് ഗോളിന് കാരണമായത്. പന്തിലേക്ക് ഓടിയെത്തിയ ഡാർവിൻ ന്യൂനസിനെ ബോക്‌സിൽ എഡേർസൺ വീഴ്ത്തി. കിക്കെടുത്ത അർജന്റൈൻ താരം മാക് അലിസ്റ്റർ അനായാസം ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ സൂപ്പർതാരം മുഹമ്മദ് സലാഹിനെ ലിവർപൂൾ കളത്തിലിറക്കി. അവസാന മിനിറ്റുകളിൽ വിജയ ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ ഇരു ടീമുകളും നഷ്ടപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത നാലു ഗോളിന് ടോട്ടനം തോൽപിച്ചു. ജെയിസ് മാഡിസൻ(50), ബ്രെണ്ണൻ ജോൺസൻ(53),സൺ ഹ്യൂംമിൻ(90+1),തിമോ വെർണർ(90+4) എന്നിവർ ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ബ്രൈട്ടൻ ഒരുഗോളിന് കീഴടക്കി. വെസ്റ്റ്ഹാം-ബേർണി മാച്ച് സമനിലയിൽ പിരിഞ്ഞു.ഇരുടീമുകളും രണ്ടു ഗോൾവീതം നേടി.