നോമ്പുതുറയും പ്രാർഥനയുമൊക്കെ ഗ്യാലറിയിൽ;മലപ്പുറത്തിന്റെ ഫുട്‌ബോൾ സ്‌നേഹം 'വേറെ ലെവലാണ്'
സീറ്റ് കിട്ടില്ലെന്ന് പേടിച്ചാണ് നോമ്പുതുറയെല്ലാം ഗ്യാലറിയിലാക്കിയതെന്ന് ആരാധകർ പറയുന്നു
മഞ്ചേരി: നോമ്പും ഫുട്‌ബോൾ ആരവവും ഒരുമിച്ച് വന്നാൽ എന്ത് ചെയ്യാനാണ് ? . പലരും ഒന്ന് ആലോചിക്കും അതിനെക്കുറിച്ച്. എന്നാൽ, മലപ്പുറത്തുകാർക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. നോമ്പുതുറയും പ്രാർഥനയുമൊക്കെ ഗ്യാലറിയിലാക്കി കളി ആവേശത്തിലേക്ക് ലയിക്കുകയാണ് മലപ്പുറത്തുകാർ. സീറ്റ് കിട്ടില്ലെന്ന് പേടിച്ചാണ് നോമ്പുതുറയെല്ലാം ഗ്യാലറിയിലാക്കിയതെന്ന് ആരാധകർ പറയുന്നു.
ഈന്തപ്പഴം മുതൽ ബിരിയാണി വരെയുള്ള ഭക്ഷണസാധനങ്ങളുമായാണ് ആളുകളെല്ലാം സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. നോമ്പ് പ്രമാണിച്ച് സ്റ്റേഡിയത്തിന് പുറത്തും ഭക്ഷണവിഭവങ്ങൾ ലഭ്യമാണ്. ഗ്യാലറിയിലെത്തിയാൽ ബാങ്ക് വിളിക്കുള്ള കാത്തിരിപ്പാണ്. ബാങ്ക് വിളിക്കേട്ടാൽ കൂട്ടം ചേർന്ന് ഭക്ഷണം പങ്കുവെച്ച് നോമ്പുതുറക്കും.പിന്നീട് ഒറ്റയ്ക്കും കൂട്ടമായുമുള്ള പ്രാർഥനയാണ്. നോമ്പുതുറന്ന് പ്രാർഥനയും കഴിയുമ്പോഴേക്കും മൈതാനത്ത് കളിയാവേശമുയരും. പിന്നെ കേരള ടീമിനായുള്ള ആർപ്പുവിളികളാണ്. മലപ്പുറത്തുകാരുടെ ഫുട്‌ബോൾ സ്‌നേഹം ലോകപ്രശസ്തമാണ്. സന്തോഷ് ട്രോഫിയിലെ ഓരോ മത്സരങ്ങളിലെയും കാണികളുടെ പങ്കാളിത്തം അതിന് വെറുമൊരു ഉദാഹരണം മാത്രമാണ്.
അതേസമയം, തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മേഘാലയക്കെതിരെ ഇറങ്ങിയ കേരളത്തിന് സമനില. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരം അത്യന്തം ആവേശജനകമായിരുന്നു. ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ചാണ് സമനിലയുമായി തിരിച്ചു കയറിയത്.
ആദ്യം ലീഡെടുത്തത് കേരളമാണെങ്കിലും 40 ആം മിനുട്ടിൽ മേഘാലയ ഗോൾ മടക്കി. പതിനെട്ടാം മിനുട്ടിലെ ഗോളിലൂടെയാണ് കേരളം ലീഡെടുത്തത്. വയനാട്ടുകാരനായ മുഹമ്മദ് സഫ്‌നാദാണ് ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടിൽ കേരളത്തിനായി ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലിരുന്ന താരമാണ് സഫ്‌നാസ്. നിജോ ഗിൽബർട്ടിൻറെ മനോഹരമായ ക്രോസിൽ നിന്നായിരുന്നു സഫ്‌നാദിൻറെ ഗോൾ. കേരളത്തിൻറെ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച നിജോ ഗിൽബർട്ട് നൽകിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്‌നാദ് വലയിലെത്തിക്കുകയായിരുന്നു.
40-ാം മിനിറ്റിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി മേഘാലയയുടെ മറുപടി ഗോളെത്തി. കിൻസൈബോർ ലുയ്ദ് ആണ് മേഘാലയക്ക് സമനില ഗോൾ നേടിക്കൊടുത്തത്. വലതുവിങ്ങിൽ നിന്ന് അറ്റ്‌ലാൻസൻ ഖർമ നൽകിയ ക്രോസ് കിൻസൈബോർ ലുയ്ദ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
അതേസമയം രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി കേരളം പാഴാക്കി. കളിയുടെ 49-ാം മിനുട്ടിൽ ജെസിനെ മേഘാലയ താരം ബോക്‌സിൽ വീഴ്ത്തിയതിനാണ് കേരളത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പക്ഷേ കിക്കെടുത്ത ക്യാപ്റ്റൻ ജിജോയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.ഗ്യാലറിയാകെ നിശബ്ദമായിപ്പോയ നിമിഷം...
പെനാൽറ്റി നഷ്ടപ്പെടുത്തിയതിൻറെ ആഘാതം മാറുന്നതിന് മുമ്പ് 55-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് മേഘാലയ ലീഡെടുത്തു. ഫിഗോ സിൻഡായ് ആണ് മേഘാലയയെ മുന്നിലെത്തിച്ചത്. കോർണർ കിക്കിൽ നിന്നുള്ള ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോൾ. എന്നാൽ ലീഡെടുത്ത മേഘാലയയുടെ ആഘോഷമടങ്ങും മുമ്പ് കേരളം സമനില പിടിച്ചു. 58-ാം മിനിറ്റിൽ അർജുൻ ജയരാജ് എടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു കേരളത്തിൻറെ സമനില ഗോൾ. മുഹമ്മദ് സഹീഫ് ആണ് പന്ത് വലയിലേക്ക് തട്ടിയിട്ടത്. പിന്നീട് ആക്രമണങ്ങൾ ഇരു ഗോൾമുഖത്തും നടന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു
പശ്ചിമ ബംഗാളിനെതിരെ വിജയം നേടിയ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടർ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്‌നാദ് ആദ്യ ഇലവനിൽ ഇടംനേടി. മറുവശത്ത് മേഘാലയ, രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.