സ്വാഭാവികം: ലിവർപൂളിനെ കെട്ടുകെട്ടിച്ച് റയൽ ക്വാർട്ടറിൽ

തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡിന് മുന്നിൽ ലിവർപൂൾ തോറ്റുമടങ്ങുന്നത്.

Update: 2023-03-16 02:42 GMT
Advertising

മാഡ്രിഡ്: അനിവാര്യമായ ജയം ലക്ഷ്യമിട്ടിറങ്ങിയ ചെമ്പടയ്ക്ക് വീണ്ടും നിരാശ. മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം. ഇതോടെ, ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി. സൂപ്പർതാരം ബെൻസേമയുടെ ഏക ഗോളിന്റെ ബലത്തിൽ റയൽ ക്വാർട്ടറിൽ കടന്നു. അഗ്രിഗേറ്റ് സ്‌കോർ 6-2.

തുടർച്ചയായ മൂന്നാം സീസണിലും റയൽ മഡ്രിഡ് എന്ന അതികായർക്കു മുന്നിൽ ക്ലോപ്പിന്റെ പട തോറ്റുമടങ്ങുന്ന കാഴചയാണ് മാഡ്രിഡിലുണ്ടായത്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ ലിവർപൂളിനെ കാർലോ ആൻസലോട്ടിയുടെ ടീം 5-2 എന്ന സ്‌കോറിന് തോൽപ്പിച്ചിരുന്നു.

ഇന്ന് തുടക്കം മുതൽ ആക്രമണ ശൈലിയാണ് ബെർണബ്യൂ സ്റ്റേഡിയത്തിൽ കാണാനായത്. ലിവർപൂളിന് ചുരുങ്ങിയത് മൂന്ന് ഗോളെങ്കിലും വേണമായിരുന്നു എന്നതിനാൽ അറ്റാക്ക് അല്ലാതെ അവർക്ക് മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് ഗോൾ നേടാതിരിക്കാൻ ലിവർപൂൾ കോൾകീപ്പർ അലിസന്റെ മികച്ച സേവ് തുണയായി. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം കൈവിട്ടുപോയി.

കൃത്യമായി കളി നിയന്ത്രിച്ച് മുന്നേറിയ റയൽ പടയിൽ നിന്നും മിന്നുംതാരം ബെൻസേമ 78ാം മിനിറ്റിൽ ഗോൾവല കുലുക്കി. ഇതോടെ ലിവർപൂൾ വിറച്ചു. ഒടുവിൽ അവശേഷിച്ച 12 മിനിറ്റിനുള്ളിൽ റയലിന് തിരിച്ചടിയൊന്നും നൽകാൻ ചെമ്പടയ്ക്ക് സാധിക്കാതെ വന്നതോടെ ആതിഥേയർ ക്വാർട്ടർ ഉറപ്പിച്ചു.

തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡിന് മുന്നിൽ ലിവർപൂൾ തോറ്റുമടങ്ങുന്നത്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ലിവർപൂൾ മുന്നേറ്റനിരയിൽ നാല് പേരെ അണിനിരത്തിയാണ് കളി തുടങ്ങിയത്. ആറാം മിനിറ്റിൽ ഡാർവിൻ നൂനസ് ഗോളിനരികെയെത്തി പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെല്ലാം റയലിന്റെ കൈയിലായിരുന്നു.

വിനീഷ്യസ്, എഡ്വേഡോ കാമവിംഗ എന്നിവരുടെ ഗോളെന്നുറച്ച മനോഹര ഷോട്ടുകൾ അലിസന്റെ മിടുക്കിൽ ലക്ഷ്യം കാണാതെ മടങ്ങിയെങ്കിൽ 78ാം മിനിറ്റിൽ ബെൻസേമയുടെ ​കിക്ക് ​ഗോൾവല തുളച്ചുകയറുകയായിരുന്നു. റയൽ 17 ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. എന്നാൽ കേവലം ഒമ്പത് ഷോട്ടുകളായിരുന്നു ലിവർപൂളിന്റെ കാലിൽ നിന്ന് പിറന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News