സ്റ്റാംഫോർഡ് ബ്രിഡ്ജും ക‍ടന്ന് റയൽ മാ‍ഡ്രിഡ്

രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാ‍ഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നത്

Update: 2023-04-18 22:21 GMT
Advertising

അത്ഭുതങ്ങളും അട്ടിമറികളും നടന്നില്ല, ചാമ്പ്യൻസ് ലീ​ഗ് സെമിഫെെനലിലേക്ക് മുന്നേറി യൂറോപ്പിലെ രാജക്കൻമാർ. ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ചെൽസിക്കെതിരെ വിജയവുമായി റയൽ മാ‍ഡ്രി‍ഡ്. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കാണ് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ റയൽ മാ‍ഡ്രി‍ഡിന്റെ വിജയം. റയൽ മാഡ്രിഡിനായി റോഡ്രി​ഗോ ഇരട്ട ​ഗോളുകളുമായി തിളങ്ങി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ബോൾ കൈവശം വെച്ച് കളിക്കാനാണ് ഇഷ്ടപ്പെട്ടത്. എന്നാൽ രണ്ടുടീമുകൾക്കും ആദ്യ പകുതിയിൽ ​ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ​ഗോൾ നേടാൻ മികച്ച അവസരം ചെൽസി താരം കുക്കുറെല്ലക്ക് ലഭിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തി. റയൽ ​ഗോൾ കീപ്പറിന്റെ മികച്ച രക്ഷപ്പെടുത്തലാണ് ചെൽസിക്കും താരത്തിനും വിനയായത്.

രണ്ടാം പകുതിയിൽ 58-ാം മിനുറ്റിലാണ് റോഡ്രി​ഗോ റയൽ മാ‍ഡ്രിഡിന്റെ ആദ്യ ​ഗോൾ നേടുന്നത്. ഈ ​ഗോളോടെ ഏറെക്കുറെ സെമിഫൈനൽ ഉറപ്പിക്കാൻ റയൽ മാ‍ഡ്രിഡിനായി. മത്സരത്തിന്റെ 80-ാം മിനുറ്റിൽ വാൽവെർഡെ നീട്ടി നൽകിയ പന്ത് വലയിലെത്തിച്ചതോടെ താരം തന്റെയും ‍ടീമിന്റെയും ​ഗോൾ നേട്ടം രണ്ടായി ഉയർത്തി.

രണ്ടു പാദങ്ങളിലായി 4-0 എന്ന സ്കോറിനാണ് റയൽ മാ‍ഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് റയൽ മാ‍ഡ്രി‍ഡ് സ്വന്തം തട്ടകത്തിൽ തകർ‍‍ത്തിരുന്നു. റയൽ മാ‍ഡ്രി‍ഡിനായി കരീം ബെൻസേമയും മാർക്കോ അസൻസിയോയുമാണ് ആ മത്സരത്തിൽ ​ഗോളുകൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എ.സി. മിലാൻ നാപോളി മത്സരം ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചു. ഒലിവർ ജിറൂഡിലൂടെ മിലാനാണ് 43-ാം മിനുറ്റിൽ ആദ്യ ​ഗോൾ നേടിയത്. എന്നാൽ കളി അവസാനിക്കുന്നതിനു മുമ്പ് വിക്ടർ ഒസിം​ഹെനിലൂടെ ഇ‍ഞ്ചുറി സമയത്ത് നാപോളി ഒരു ​ഗോളടിച്ച് ഒപ്പമെത്തി. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദ മത്സരത്തിലെ ഒരു ​ഗോൾ വിജയം എ.സി. മിലാന് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീ​ഗ് സെമിഫെെനലിലേക്ക് വഴി തുറന്നു.


Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News