റോമൻ അബ്രമോവിച്ചിന്റെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന് ലേബര്‍ എം.പി
റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയായി അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തി
ചെൽസി ഉടമയും റഷ്യന്‍ കോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന്റെ യു.കെയിലെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന് ലേബര്‍ എം.പി ക്രിസ് ബ്രയന്റ് പാർലമെന്റിനോട് ആവശ്യപ്പെട്ടു. അബ്രമോവിച്ചിന്റെ റഷ്യൻ ഭരണകൂടവുമായുള്ള ബന്ധവും അഴിമതിയും വെളിപ്പെടുത്തുന്ന രേഖകള്‍ ആഭ്യന്തര വകുപ്പ് 2019 ൽ കണ്ടെത്തിയിരുന്നതായി ക്രിസ് ബ്രയന്റ് അവകാശപ്പെട്ടു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ യു.കെയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയായി അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തി. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെയും ബിസിനസ് പ്രമുഖരുടെയും ആസ്തിയും സാമ്പത്തിക സംവിധാനങ്ങളും മരവിപ്പിക്കും. പുട്ടിനുമായി അടുത്തബന്ധം പുലർത്തുന്ന പ്രമുഖർക്കാണ് ആദ്യഘട്ടത്തിൽ ഉപരോധം. വളരെ സമ്പന്നരായ ആളുകൾക്ക് യു.കെയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന ടയർ 1 വിസ അബ്രമോവിച്ചിന് ലഭിച്ചിരുന്നു.
അബ്രമോവിച്ചും ചെല്‍സിയും
2003ൽ, തന്റെ 36–ാം വയസ്സിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയെ സ്വന്തമാക്കിയതാണ് അബ്രമോവിച്ച്. പിന്നീടുള്ള 18 വർഷത്തിനിടയ്ക്ക് 5 തവണ ചെൽസി പ്രിമിയർ ലീഗ് ജേതാക്കളായി. എഫ്എ കപ്പുയർത്തിയത് 5 തവണ. ലീഗ് കപ്പ് മൂന്നെണ്ണം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടം – 2. യൂറോപ്പ ലീഗ് – 2.
അബ്രമോവിച്ചിന്റെ ആസ്തികൾ കൈകാര്യം ചെയ്യാനായി 2001ൽ ലണ്ടൻ ആസ്ഥാനമായി രൂപീകരിച്ച കമ്പനിയാണു മിൽഹൗസ് ക്യാപ്പിറ്റൽ. ബ്രിട്ടിഷ് പൗരത്വം ലഭിച്ചതോടെ അബ്രമോവിച്ച് ഇംഗ്ലണ്ട് യാത്രകൾ പതിവാക്കി. അക്കാലത്താണ് ഇംഗ്ലിഷുകാരുടെ ഫുട്ബോൾ പ്രേമം അദ്ദേഹം നേരിട്ടു മനസ്സിലാക്കിയത്. അദ്ദേഹം സ്റ്റേഡിയത്തിൽ കയറി കളി കണ്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഫുട്ബോളിലൂടെ കഴിയുമെന്ന ഉപദേശം ലഭിച്ചതോടെ ഒരു ക്ലബ് സ്വന്തമാക്കാനായി ശ്രമം. പേരും പെരുമയുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് ആദ്യം ശ്രദ്ധിച്ചതെങ്കിലും വൻതുക വേണ്ടിവരുമെന്നായപ്പോൾ പിൻമാറി. ടോട്ടനം ഹോട്സപറിലേക്കായി പിന്നീടു നോട്ടം. പക്ഷേ, മുഴുവൻ ഓഹരിയും നൽകാൻ ഉടമകൾ വിസ്സമ്മതിച്ചു.
അപ്പോഴാണു കടക്കെണയിൽ കിടക്കുകയായിരുന്ന ചെൽസിയെപ്പറ്റി അറിയുന്നത്. അബ്രമോവിച്ചിന്റെ ഉദ്യോഗസ്ഥർ ചർച്ചയ്ക്കിറങ്ങി. 140 മില്യൺ പൗണ്ടിന്റെ (ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1500 കോടി രൂപ) ഡീൽ തയാറാക്കി. ചെൽസി വാങ്ങാനുള്ള പ്രപ്പോസലിനു വെറും 3 മിനിറ്റിൽ അബ്രമോവിച്ച് അനുമതി നൽകിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പിൽക്കാലത്തു വെളിപ്പെടുത്തിയത്.
റഷ്യയിലെ ഉന്നത രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി പഴയ സോവിയറ്റ് രാജ്യങ്ങളിൽ പെട്രോളിയം ഖനനത്തിനു ലൈസൻസ് നേടിയതോടെയാണ് അബ്രമോവിച്ചിന്റെ ബിസിനസ് യൂറോപ്പിലേക്ക് വ്യാപിക്കാന്‍. ഉരുക്കു വ്യവസായത്തിലേക്കും തിരിഞ്ഞതോടെ ബില്യൺ ഡോളർ കണക്കുകളുടെ ലോകത്തേക്കു പ്രവേശനം. അതിനിടെ, രാഷ്ട്രീയത്തിലും നിറഞ്ഞു. ആദ്യം റഷ്യയിലെ അധോസഭയായ ഡ്യൂമയിൽ അംഗത്വം. 2000 മുതൽ 8 വർഷം ചുകോട്ക പ്രവിശ്യയുടെ ഗവർണറായി.