പെലെയുടേയും നെയ്മറിന്റേയും മുൻ ക്ലബ്; ബ്രസീലിൽ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തി സാന്റോസ്

ഒരു സീസൺ ഇടവേളക്ക് ശേഷമാണ് മുൻ ചാമ്പ്യൻമാരായ ബ്രസീലിലെ വിഖ്യാത ക്ലബ് സീരി എയിലേക്ക് തിരിച്ചെത്തുന്നത്

Update: 2024-11-13 15:35 GMT
Editor : Sharafudheen TK | By : Sports Desk
Advertising

സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ ഒന്നാം ഡിവിഷനിലേക്ക് മടങ്ങിയെത്തി സാന്റോസ് ക്ലബ്. കാനറികളുടെ ഇതിഹാസ താരം പെലെയും സൂപ്പർ താരം നെയ്മറും കളിച്ചുവളർന്ന ക്ലബ് കഴിഞ്ഞ സീസണിൽ സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ശക്തമായ പോരാട്ടം നടത്തിയ സാന്റോസ് രണ്ടാം ഡിവിഷനിൽ ഒന്നാം സ്ഥാനക്കാരായാണ് കംബാക്ക് നടത്തിയത്. കഴിഞ്ഞ ദിവസം സീരി ബി യിൽ കോർട്ടിബയെ കീഴടക്കിയതോടെയാണ് ടീം സ്ഥാനമുറപ്പിച്ചത്. 36 കളിയിൽ 68 പോയന്റുമായാണ് സാന്റോസ്  ഒന്നാമതെത്തിയത്. ബ്രസീൽ പരിശീലകൻ ഫാബിയോ കാരില്ലെയുടെ കീഴിലാണ് ടീം കളിക്കുന്നത്.

 മുൻ താരം നെയ്മറിനെ സൗദി ക്ലബ് അൽ-ഹിലാലിൽ നിന്ന് തിരികെയെത്തിക്കാൻ പദ്ധതിയുണ്ടെന്ന് സാന്റോസ് പ്രസിഡന്റ് മാർസെലോ ടെയിക്‌സിറ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഒന്നാം ഡിവിഷനിലേക്ക് മടങ്ങിയെത്തിയതോടെ ഈ നീക്കം കൂടുതൽ സജീവമാക്കാനും ക്ലബിന് സാധിക്കും. 2011ൽ കൗമാരക്കാരൻ നെയ്മർ സാന്റോസിനായി പന്തു തട്ടിയപ്പോൾ മിന്നും പ്രകടനമാണ് ടീം നടത്തിയത്. തുടർന്ന് 2013ലാണ് സൂപ്പർ താരം ബ്രസീലിൽ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. 1912ൽ സ്ഥാപിതമായ സാന്റോസ് ബ്രസീൽ സീരി എയിൽ എട്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News