'ഇനിയും സമയമുണ്ടല്ലോ...': മെസിയുടെ ലോകകപ്പിനില്ലെന്ന പ്രസ്താവനയിൽ സ്‌കലോണി
അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്
ബീജിങ്: അടുത്ത ലോകകപ്പ് കളിക്കാനില്ലെന്ന അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിയുടെ പ്രസ്താവന ആരാധകർക്ക് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. അടുത്ത ലോകകപ്പിലും മെസിയുടെ സാന്നിധ്യം അവർ ആഗ്രഹിക്കുന്നുണ്ട്. ഖത്തർ ലോകകപ്പ് നേടി അത്യാഹ്ലാദത്തിൽ നിൽക്കെ മെസിയിൽനിന്നുള്ള തുറന്നുപറച്ചിൽ സത്യവാമവരുതേ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.
എന്നാൽ ആ നിലക്കുള്ള പ്രതികരണമാണ് അർജന്റീനിയൻ പരിശീലകൻ സ്‌കലോണിയും നൽകിയിരിക്കുന്നത്. അദ്ദേഹം വിവേകത്തോടെയാണ് തന്റെ തീരുമാനം പറഞ്ഞതെന്നാണ് സ്‌കലോണി കരുതുന്നത്. 'അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങളും നോക്കിക്കാണുന്നുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നയാളാണ് അദ്ദേഹം. അടുത്ത ലോകകപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെ ഇപ്പോൾ അതുസംബന്ധിച്ച് പ്രതികരിക്കുന്നത് അനുചിതമായിരിക്കും- സ്കലോണി പറഞ്ഞു.
'അദ്ദേഹം ഇപ്പോള്‍ ഫുട്‌ബോൾ കളിക്കുന്നുണ്ട്. കാലം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് നമുക്ക് നോക്കാം, ഇപ്പോഴും പത്തുവർഷം കഴിഞ്ഞാലും അദ്ദേഹത്തിന് പന്ത് തട്ടാൻ കഴിയും- സ്‌കലോണി പറഞ്ഞു. ബീജിങിൽ ആസ്‌ട്രേലിയയുമായി അർജന്റീനക്ക് സൗഹൃദ മത്സരമുണ്ട്. ഇതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്''- ഇങ്ങനെയായിരുന്നു മെസിയുടെ വാക്കുകള്‍. പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള (പി.എസ് ജി ) കരാർ ജൂൺ 30-ന് അവസാനിക്കാനിരിക്കെ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമി സിഎഫിൽ ചേരാനുള്ള തന്റെ തീരുമാനം മെസി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. വൻപ്രതിഫലം വാഗ്ദാനം ചെയ്ത സൗദിയുടെ ക്ഷണം നിരസിച്ചായിരുന്നു മെസിയുടെ മയാമി പ്രവേശം.
അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്.