‘ഇനി ആരെങ്കിലും ബാക്കിയുണ്ടോ’; ഒരൊറ്റ മത്സരത്തിൽ ന്യൂകാസിലിനായി ഗോളടിച്ചത് എട്ടുതാരങ്ങൾ!
ലക്ഷ്യത്തിലേക്ക് ന്യൂകാസിൽ 15 തവണ നിറയൊഴിച്ചപ്പോൾ ഷെഫീൽഡ് ലക്ഷ്യത്തിലേക്ക് തൊടുത്തത് ഒരേ ഒരു ഷോട്ട് മാത്രം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ് യുനൈറ്റഡിന്റെ സംഹാര താണ്ഡവം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത എട്ടുഗോളുകൾക്കാണ് ന്യൂകാസിൽ തകർത്തുവിട്ടത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം പേർ സ്കോർ ചെയ്ത ടീമെന്ന റെക്കോർഡും ന്യൂകാസിൽ പേരിലാക്കി.
മത്സരത്തിന്റെ 21ാം മിനിറ്റിൽ സീൻ ലോങ് സ്റ്റാഫാണ് ന്യൂകാസിലിനായി ആദ്യ ഗോൾ നേടിയത്. 31ാം മിനിറ്റിൽ ഡാൻ ബേൺ ലീഡ് രണ്ടായി ഉയർത്തി.തൊട്ടുപിന്നാലെ 35ാം മിനിറ്റിൽ സ്വെൻ ബാട് മാന്റെ വക മൂന്നാംഗോൾ. ആദ്യപകുതിക്ക് പിരിയുമ്പോൾ സ്കോർ 3-0.
രണ്ടാം പകുതിയിലും സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല. 56ാം മിനിറ്റിൽ കല്ലം വിൽസൺ, 61ാം മിനിറ്റിൽ ആന്റണി ഗോഡൺ, 68ാം മിനിറ്റിൽ മിഗ്വൽ അൽമിറോൺ, 73ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാരാസ്, 87ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് എന്നിവരും ന്യൂകാസിലിനായി ഗോൾ നേടി.
ലക്ഷ്യത്തിലേക്ക് ന്യൂകാസിൽ 15 തവണ നിറയൊഴിച്ചപ്പോൾ ഷെഫീൽഡ് ലക്ഷ്യത്തിലേക്ക് തൊടുത്തത് ഒരേ ഒരു ഷോട്ട് മാത്രം. ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒൻപത് പോയന്റുമായി ന്യൂകാസിൽ എട്ടാം സ്ഥാനത്താണ്. ആറ് കളികളിൽ നിന്നും വെറും ഒരു പോയന്റ് മാത്രമുള്ള ഷെഫീൽഡ് യുനൈറ്റഡ് പോയന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ്.