മോഡ്രിച്ച്... കരയരുത്, നിങ്ങൾ ഒരിക്കലും തോൽക്കുന്നില്ല

2018 ൽ മോഡ്രിച്ച് എന്ന മാന്ത്രിക മനുഷ്യന്റെ ചിറകിലേറി അവർ പറന്നെത്തിയത് ലോകകപ്പിന്റെ സ്വപ്ന ഫൈനലിലേക്കായിരുന്നു

Update: 2022-12-13 21:30 GMT
Advertising

അവകാശവാദങ്ങളൊന്നും പറയാനില്ലാത്ത ഒരു രാജ്യത്തെ ഫുട്‌ബോൾ ഭൂപടത്തിൽ എഴുതിച്ചേർത്ത ക്രൊയേഷ്യയുടെ മാന്ത്രികൻ ലൂക്കാ മോഡ്രിച്ച് കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി മടങ്ങുന്നു.


1998ലാണ് ആദ്യമായി ക്രൊയേഷ്യ ലോകകപ്പ് കളിക്കുന്നത്. ആദ്യ വരവിൽ തന്നെ മൂന്നാം സ്ഥാനക്കാരാകാൻ സാധിച്ചെങ്കിലും തുടർന്നുള്ള രണ്ട് ലോകകപ്പിലും നിറം മങ്ങിയ പ്രകടനമായിരുന്നു അവരുടേത്. 2014 ലെയും വിധി മറിച്ചായിരുന്നില്ല. എന്നാൽ 2018 ൽ മോഡ്രിച്ച് എന്ന മാന്ത്രിക മനുഷ്യന്റെ ചിറകിലേറി അവർ പറന്നെത്തിയത് ലോകകപ്പിന്റെ സ്വപ്ന ഫൈനലിലേക്കായിരുന്നു. കലാശപ്പോരിൽ ഫ്രാൻസിന് മുന്നിൽ അവർക്ക് പക്ഷേ അടിതെറ്റി. എന്നാൽ ഒരൊറ്റ ക്രൊയേഷ്യക്കാരനും അന്ന് തലകുനിച്ച് നടന്നില്ല. എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരിയുണ്ടായിരുന്നു.




ക്രൊയേഷ്യൻ നായകനായിരുന്ന മോഡ്രിച്ച് അന്ന് പറഞ്ഞത് ഇങ്ങനെയാണ് 'ഞങ്ങൾ ലോകം കീഴടക്കിയിരിക്കുന്നു. പുതുതലമുറക്ക് പ്രചോദനം നൽകിയാണ് ഞങ്ങൾ മടങ്ങുന്നത്. ഫ്രാൻസിന് അഭിനന്ദനങ്ങൾ'. ഇതുവരെ ലോകകപ്പിന്റെ ഫൈനൽ കാണാത്ത ക്രൊയേഷ്യക്ക് ചരിത്രനിമിഷം സമ്മാനിച്ച ടീമിനെയാണ് മോഡ്രിച്ച് നയിച്ചത്. മെസിയും ക്രിസ്റ്റ്യാനോയും അടക്കിഭരിച്ചിരുന്ന ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോകഫുട്ബോളർ പദവി 2018 ൽ തന്റെ പേരിലാക്കി ലൂക്ക ഉറക്കെ വിളിച്ചു പറഞ്ഞു... നിങ്ങൾ ജീവിച്ചിരുന്ന കാലത്ത് ഞാനും ജീവിച്ചിരുന്നു.



വർഷം നാല് പിന്നിട്ടു. ഖത്തറിലെ അത്തർ മണക്കുന്ന ലോകകപ്പ് മുത്തമിടാൻ ഇറങ്ങിയവരുടെ കൂട്ടത്തിൽ ആ സ്വർണമുടിക്കാരന്റെ മുഖവും തെളിഞ്ഞുനിന്നു. പ്രായം 37 ആയെങ്കിലും ആ പോരാട്ടവീര്യത്തിന് ഇന്നും ഒരുമാറ്റവും വന്നിട്ടില്ല. സഹതാരങ്ങൾ പലപ്പോഴും മത്സരത്തിന്റെ സമ്മർദ്ദത്തിൽ കാലിടറിയപ്പോഴും പിടിച്ചുനിർത്താൻ അയാൾക്ക് സാധിച്ചു. അതേ, മോഡ്രിച്ചിനറിയാം നിലത്തുവീണവന്റെ സങ്കടവും പിടിച്ചുയർത്തേണ്ടതിന്റെ ആവശ്യകതയും.

കളിക്കളത്തിന് പുറത്ത് മോഡ്രിച്ചിന് പറയാൻ ഒരു കഥയുണ്ട്. ഇരുപത്തിയെട്ട് വർഷം മുമ്പ് നടന്ന അതിജീവനത്തിന്റെ ഒരു സ്റ്റോറി. ക്രൊയേഷ്യയിലെ വെലെബിറ്റ് പർവതനിരകൾ അതിരിടുന്ന വടക്കൻ ഡാൽമേഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലെ ഇടവഴികളിൽ കുഴിച്ചിട്ട മൈനുകളിൽ ഒരു വിരൽതുമ്പ് പോലുംതൊടാതെ വെട്ടിയൊഴിഞ്ഞ് ഓടിയ കഥ.



1985 ലാണ് ലൂക്ക മോഡ്രിച്ച് ജനിക്കുന്നത്. ലൂക്കയുടെ മാതാപിതാക്കൾ ഫാക്ടറി തൊഴിലാളികളായിരുന്നു. അവർ ജോലിക്കു പോയാൽ ലൂക്കയെയും കുഞ്ഞനുജത്തി ജാസ്മിനെയും സംരക്ഷിച്ചിരുന്നത് മുത്തച്ഛനാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് കലുക്ഷിതമായിരുന്നു നാട്ടിലെ അന്തരീക്ഷം.

ലൂക്കയുടെ കുഗ്രാമമായ മോഡ്രിച്ചിയിലും അവസ്ഥ വ്യത്യസ്ഥമല്ലായിരുന്നു. ക്രൊയേഷ്യൻ വംശജരോട് രാജ്യം വിടാൻ സെർബിയക്കാർ നിരന്തരം ഭീഷണി മുഴക്കി. എന്നാൽ മോഡ്രിച്ചിൻറെ മുത്തച്ഛൻ ഈ ഭീഷണിക്ക് വഴങ്ങി നാടുവിട്ടുപോകാൻ തയാറായില്ല. അദ്ദേഹത്തിന്റെ പേരും ലൂക്കയെന്നായിരുന്നു. 1991 ഡിസംബർ എട്ടിന് പശുക്കളെ മേയ്ക്കാൻ പോയ ലൂക്കയുടെ മുത്തച്ഛനെ സെർബിയൻ അനുകൂലികൾ വെടിവെച്ചു കൊന്നു.


ദുരന്തമറിഞ്ഞെത്തിയ ലൂക്കയുടെ മാതാപിതാക്കൾ മോഡ്രിച്ചിനേയും സഹോദരി ജാസ്മിനയേയും കൊണ്ട് സദർ പട്ടണത്തിലെ അഭയാർഥി ക്യാമ്പിലെത്തി. ദുരിതപൂർണ്ണമായിരുന്നു അവിടത്തെ ജീവിതം. വെള്ളവും വെളിച്ചവും വിശപ്പടക്കാൻ ഭക്ഷണമില്ലാത്ത കാലം. ആ കഷ്ടപ്പാടിന്റെ ദിവസങ്ങളിലും അവന് ഊർജ്ജം നൽകിയത് കാൽപന്തുകളിയായിരുന്നു.




1995ൽ ക്രൊയേഷ്യ സ്വതന്ത്രമായതോടെ ലൂക്ക മോഡ്രിച്ചിന്റെ സ്വപ്നങ്ങൾക്കും ചിറകു മുളച്ചു. തൊട്ടടുത്തവർഷം, ലൂക്ക സദറിലെ ഫുട്ബാൾ ക്ലബിലെത്തി. 10 മുതൽ 15 വയസ്സുവരെ ക്രൊയേഷ്യൻ ക്ലബുകൾക്കായി കളിച്ചു. 2002ൽ ക്രൊയേഷ്യയിലെ സൂപ്പർ ക്ലബ് ഡൈനാമോ സാഗ്റബിന്റെ താരമായതോടെയാണ് ലൂക്കയിലെ പ്രഫഷണൽ ഫുട്ബാളർ തെളിയുന്നത്. അടുത്തവർഷം പതിനെട്ടാം വയസ്സിൽ സീനിയർ ക്ലബിലുമെത്തി. ശേഷം രണ്ട് ക്രൊയേഷ്യൻ ക്ലബുകളിൽതന്നെ ലോണിൽ കളിച്ചശേഷം 2008ൽ ടോട്ടൻഹാമിലേക്ക് മോഡ്രിച്ച് പറന്നു. അവിടെ 2012 വരെ 127 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടി. പിന്നീട് 2012ൽ റയൽമാഡ്രിഡിലെത്തിയതോടെയാണ് ലൂക്ക ലോക ശ്രദ്ധ ആകർഷിക്കുന്നത്.



റയലിനുവേണ്ടി ഇതുവരെ 307 മത്സരങ്ങളിൽ കുപ്പായമണിഞ്ഞു. ക്ലബിനായി 25 ഗോളുകളും നേടി. നാല് യുസിഎൽ, 4 ഫിഫ ക്ലബ്ബ് ലോകകപ്പ് , 3 യുവേഫ സൂപ്പർ കപ്പ്, 3 സ്പാനിഷ് സൂപ്പർ കപ്പ്, 2 ലാലിഗ,1 കോപ്പ ഡെൽറേ എന്നീ കിരീടങ്ങൾ മോഡ്രിച്ച് ഉൾപ്പെടുന്ന റയൽ ഈക്കാലയളവിൽ കരസ്ഥമാക്കിയിട്ടുണ്ട്.

ഗോൾ നേട്ടത്തേക്കാൾ ലൂക്ക മോഡ്രിച്ച് എന്ന താരത്തെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കൃത്യതയാർന്ന അസിസ്റ്റുകളാണ്. ബ്യൂട്ടിഫുൾ എന്ന് ഏതൊരു ഫുട്ബോൾ ആരാധകനെയും കൊണ്ട് നിരന്തരംം പറയിപ്പിക്കുന്ന, സ്ട്രൈക്കർക്ക് ഗോളടിക്കാൻ തളികയിൽ എന്നോണം ബോൾ വെച്ചുനൽകുന്ന എത്രയെത്ര സുവർണനിമഷങ്ങളാണ് ഇതിനോടകം ലൂക്ക സംഭാവന ചെയ്തിട്ടുള്ളത്. ഇനിയും ഫുട്ബോൾ ലോകം അത് പ്രതീക്ഷിക്കുന്നുണ്ട്. കാരണം പ്രായത്തിന് ഇതിഹാസങ്ങളെ തളർത്താനാകില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - ദിബിൻ രമ ഗോപൻ

contributor

Similar News