'വാറി'ല്‍ നഷ്ടപ്പെട്ട് റൊണാള്‍ഡോയുടെ ഗോള്‍; യുവന്റസിന് സമനിലയോടെ തുടക്കം
ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം യുവന്റസ് ഉഡിനെസെയുമായി 2-2ന്റെ സമനില വഴങ്ങുകയായിരുന്നു
യുവന്റസിന് സീസണിൽ സമനിലയോടെ തുടക്കം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം യുവന്റസ് ഉഡിനെസെയുമായി 2-2ന്റെ സമനില വഴങ്ങുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് യുവന്റസ് തുടങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ബെന്റുകറിന്റെ പാസിൽ നിന്ന് ഡിബാല യുവന്റസിന് ആദ്യ ഗോള്‍ നേടി.
പിന്നാലെ 23ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് കൊഡ്രാഡോ യുവന്റസിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ 6ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ പെരേര അവരുടെ ആദ്യ ഗോൾ നേടി. സ്കോർ 1-2. പിന്നാലെ 83ആം മിനുട്ടിൽ ഡെലഫെയു ഉഡിനെസെയുടെ സമനില ഗോളും നേടി. സബ്ബായി എത്തിയ റൊണാൾഡോ ഇഞ്ച്വറി ടൈമിൽ യുവന്റസിന് വേണ്ടി വിജയ ഗോൾ നേടുകയും ആഘോഷിക്കുകയും ചെയ്ത് മഞ്ഞ കാര്‍ഡും വാങ്ങി. പക്ഷെ റൊണാൾഡോയുടെ ഗോൾ ഓഫ്സൈഡാണെന്ന് വാർ വിളിച്ചതോടെ കളി സമനിലയിൽ അവസാനിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ഹീറോ ലൊകടെല്ലി പകരക്കാരനായി എത്തി ക്ലബിനായി അരങ്ങേറ്റം നടത്തി.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ച് ആൻസലോട്ടിയെ ബന്ധപ്പെട്ടുവെന്ന മാധ്യമവാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. യൂറോ കപ്പിനു ശേഷമുള്ള അവധി ദിവസങ്ങൾ കഴിഞ്ഞ് യുവന്റസിൽ എത്തിയതിനു ശേഷം ഇറ്റാലിയൻ ക്ലബിനൊപ്പം തന്നെ തുടരുമെന്നു റൊണാൾഡോ തന്നോട് പറഞ്ഞുവെന്ന് അല്ലെഗ്രി വ്യക്തമാക്കി.