യുവന്‍റസിന് വിലക്കുമായി യുവേഫ; ചെൽസിക്ക് 90 കോടി പിഴ
യുവേഫ ക്ലബ് ഫിനാൻഷ്യൽ ബോഡി നടത്തിയ അന്വേഷണങ്ങൾക്കു പിറകെയാണ് നടപടി
ന്യോൺ(സ്വിറ്റ്‌സർലൻഡ്): ഇറ്റാലിയൻ കരുത്തരായ യുവന്റസിന് വമ്പൻ തിരിച്ചടി. ഇത്തവണ യൂറോപ്പ കോൺഫറൻസ് ലീഗില്‍ പങ്കെടുക്കുന്നതിന് ക്ലബിന് വിലക്ക്. യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനായ യുവേഫ ആണ് വിലക്കേർപ്പെടുത്തിയത്. ക്ലബ് ലൈസൻസിങ്, ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചെന്നു കാണിച്ചാണ് നടപടി. ചെല്‍സിക്ക് വമ്പന്‍ തുക പിഴയും ചുമത്തിയിട്ടുണ്ട്.
യുവേഫ ക്ലബ് ഫിനാൻഷ്യൽ ബോഡി(സി.എഫ്.സി.ബി) കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ഔദ്യോഗിക അന്വേഷണത്തിന്റെ തുടർച്ചയായാണു നടപടി. യുവേഫയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ ക്ലബ് പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യൂറോപ്പ ലീഗിലെ വിലക്കിനു പുറമെ 20 മില്യൻ യൂറോ(ഏകദേശം 181 കോടി രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. 2023, 2024, 2025 വർഷങ്ങളിലെ ആവശ്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യത്തിൽ ക്ലബിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റിൽ വീഴ്ചയുണ്ടായാൽ മാത്രമാണ് പിഴത്തുകയുടെ പകുതി ഈടാക്കുക.
വിലക്കും പിഴയും ചുമത്തിയിട്ടും അപ്പീലിനു പോകാൻ യുവന്റസ് ആലോചിക്കുന്നില്ല എന്നാണ് അറിയുന്നത്. എന്നാൽ, തങ്ങൾ നിരപരാധികളാണെന്ന നിലപാടിലാണ് ക്ലബ്. നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തങ്ങളുടെ വാദം അംഗീകരിച്ചില്ലെങ്കിലും യുവേഫ തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് യുവന്റസ് ചെയർമാൻ ജിയാൻലൂക്ക ഫെഫേരോ പ്രതികരിച്ചു. ഇതോടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യമാകുകയാണെന്നും അദ്ദേഹം അറിയിച്ചു. അപ്പീലുമായി പോയാൽ 2024-25 യുവേഫ ചാംപ്യൻസ് ലീഗിലും പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും. അപ്പീലിലെ വിധി എന്താകുമെന്ന് അറിയില്ലെന്നു മാത്രമല്ല, എപ്പോൾ വരുമെന്നും ഉറപ്പിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവന്റസിനു പുറമെ പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കും യുവേഫ പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 10 മില്യൻ യൂറോ(ഏകദേശം 90 കോടി രൂപ)യാണ് പിഴ ചുമത്തിയത്. 2012നും 2019നും ഇടയിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അപൂർണമായ വിവരങ്ങൾ സമർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രീമിയർ ലീഗിൽ 12-ാം സ്ഥാനത്താണുള്ളതെന്നതിനാൽ ചെൽസിക്ക് 2023-24 സീസണിൽ യൂറോപ്പ ലീഗിൽ കളിക്കാനാകില്ല.
Summary: UEFA bans Juventus from this season's Europa Conference League, fines Chelsea for FFP breach