യുക്രൈൻ യുവതാരത്തെ ടീമിലെത്തിച്ച് മഞ്ഞപ്പട; ഇവാൻ കലിയൂഷ്‌നി ബ്ലാസ്റ്റേഴ്‌സിൽ

ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറാണ് ഇത്

Update: 2022-07-18 16:13 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: യുക്രൈനിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്നിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. താരവുമായി കരാറൊപ്പിട്ട് വിവരം ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. എഫ്കെ ഒലക്സാണ്ട്രിയയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 

ഇരുപത്തിനാലുകാരനായ ഇവാൻ യുക്രൈൻ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാർകിവിനൊപ്പമാണ് കരിയർ ആരംഭിച്ചത്. തുടർന്ന് ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്തു.  അടുത്ത സീസണിൽ യുക്രൈനിലെ തന്നെ റൂഖ്‌ ലിവിനൊപ്പം ലോണിൽ കളിച്ചു. 32 കളിയിൽ രണ്ട്‌ ഗോളുകളും നേടി.

''ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവർക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നൽകാനും എനിക്ക് അതിയായ ആവേശമുണ്ട്.'' ഇവാൻ കലിയൂഷ്നി പറഞ്ഞു.

ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറാണ് ഇത്. നേരത്തെ സ്പാനിഷ് ഡിഫൻഡർ വിക്ടർ മോംഗിലിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഒഡീഷ എഫ്‌സിയിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ മൊംഗിൽ 2023 വരെ ക്ലബ്ബിൽ തുടരും. സ്ട്രൈക്കർ അപ്പോസ്തൊലോസ് ജിയാനുവാണ് മറ്റൊരു വിദേശ താരം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News