വിനീഷ്യസ്... നിങ്ങൾ പോരാട്ടം തുടരുക
‘‘എവിടെയാണ് തുടങ്ങേണ്ടത് എന്നറിയില്ല. ഇത്തരമൊരു വേദിയിൽ വരുന്നത് അസാധ്യമാണെന്ന് കരുതിയവനാണ് ഞാൻ. ദാരിദ്രവും കുറ്റകൃത്യങ്ങളും നിറഞ്ഞ സാവോ ഗോൺസാലോയുടെ തെരുവുകളിൽ ബൂട്ടില്ലാതെ കളിച്ചു നടന്ന കുട്ടിയായിരുന്നു ഞാൻ....’’ കൈയ്യിലിരിക്കുന്ന ഫിഫ ബെസ്റ്റ് മെൻസ് ഫുട്ബോൾ െപ്ലയർ അവാർഡിനെ ഒരു വളർത്തുമൃഗത്തെപ്പോലെ ഓമനിച്ച് ഈറൻ കണ്ണുകളുമായി വിനീഷ്യസ് ജൂനിയർ സംസാരിച്ചുതുടങ്ങുമ്പോൾ ലോകം അയാൾക്കായി കൈയ്യടിച്ചു.
നീണ്ട 16 വർഷങ്ങൾ.. ഒടുവിൽ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരമെന്ന അവാർഡ് വീണ്ടും ബ്രസീലിലേക്ക്. കൃത്യമായിപ്പറഞ്ഞാൽ 2007ൽ റിക്കാർഡോ കക്കക്ക് ശേഷം വീണ്ടുമൊരു ബ്രസീലുകാരൻ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആയിരിക്കുന്നു. 1991മുതൽ 2007 വരെയുള്ള കാലയളവിൽ റൊമാരിയോയും റൊണാൾഡോയും റിവാൾഡോയും റൊണാൾഡീന്യോയുമൊക്കെ മാറി മാറി പങ്കിട്ടിരുന്ന പുരസ്കാരമായിരുന്നു അത്. ഇനിയൊരാൾ തൊടുമെങ്കിൽ അത് നെയ്മറായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനുള്ള പ്രതിഭ നെയ്മർക്കുണ്ട് താനും. പക്ഷേ ദീർഘമായ ഇടവേളക്ക് ശേഷം ബ്രസീലിനായി അത് വീണ്ടെടുക്കാനുള്ള നിയോഗം വിനീഷ്യസ് ജൂനിയറിനായിരുന്നു.
ഖത്തറിലെ തിളങ്ങുന്ന വേദിയിൽ വിനീഷ്യസ് ലോകതാരമായതിന് പിന്നാലെ റൊണാൾഡോ നസാരിയോയയുടെ പേജിൽ വൈകാരികമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ കറുത്തവനും ബ്രസീലുകാരനുമാണെന്നുള്ള ഒരു നിലപാട് പ്രഖ്യാപനമായിരുന്നു അത്. തനിക്ക് നേരെ ഉയർന്നുപൊന്തിയ വംശീയതയുടെ കൂരമ്പുകളെ പറിച്ചെറിഞ്ഞാണ് വിനി കുതിച്ചുപാഞ്ഞതെന്നും ലോക ഫുട്ബോളിലെ വർണ വെറിക്കെതിരായ പോരാട്ടത്തിന്റെ പതാകവാഹകനാണ് അവനെന്നുമാണ് റൊണാൾഡോ കുറിച്ചത്.
ഒന്നോ രണ്ടോ തവണയല്ല. സ്പാനിഷ് ഫുട്ബോൾ ഗ്യാലറികൾ വിനീഷ്യസിന് നേരെ എണ്ണിയെടുക്കാനാകാത്ത വിധമുള്ള വംശീയത തുപ്പിയിട്ടുണ്ട്. കുരങ്ങനെന്നും ചിമ്പാൻസിയെന്നും വിളിച്ചു. തന്തയില്ലാത്ത കറുത്തവനെന്നും ചത്തുമലർക്കേണ്ടവന്നെന്നും കൂക്കിയാർത്തു. കേട്ടാലറക്കുന്ന വാക്കുകൾ വേറെയും.ഓരോ തവണ വർണവെറിയേൽക്കുമ്പോഴും അതിനെ പൂർവ്വാധികം ശക്തിയോടെ നേരിടുന്ന വീനീഷ്യസിനെയാണ് ലോകം കണ്ടത്.
ചിലപ്പോൾ ഗ്യാലറിയിലേക്ക് നോക്കി അയാൾ വിരൽ ചൂണ്ടി..വംശീയത ചൊല്ലിയ ചുണ്ടുകൾക്ക് മുന്നിൽ പ്രതിഷേധനൃത്തം ചവിട്ടി..ചിലപ്പോൾ സമൂഹമാധ്യമങ്ങളിൽ വംശീയതക്കെതിരെ പോസ്റ്റിട്ടു. മറ്റുചിലപ്പോൾ വെറുമൊരു മനുഷ്യനായി വേദനയിൽ മുറിഞ്ഞ് കണ്ണീർ വാർത്തു. പക്ഷേ വംശീയതയോട് അയാൾ ഒരിക്കലും ഒരിഞ്ചും സന്ധി ചെയ്തില്ല. വംശീയതക്കെതിരെയുള്ള വിനീഷ്യസിന്റെ നിരന്തരമായ പോരാട്ടങ്ങൾ പുരോഗമന മറയിട്ടുവെച്ച സ്പാനിഷുകാരുടെ പൊള്ളത്തരം കൂടി വെളിവാക്കുന്നതായിരുന്നു. ലാലിഗയിൽ വംശീയത ഒരു സാധാരണ സംഭവമാണെന്ന് പറഞ്ഞ വിനി 2030ൽ സ്പെയിനിൽ നടക്കുന്ന ലോകകപ്പിന് മുമ്പായി വംശീയതയെ ഒന്നാകെ പറിച്ചെറിയണമെന്ന മുന്നറിയിപ്പും നൽകി. വിനീഷ്യസിന്റെ പോരാട്ടത്തിന് കരുത്തുപകരാൻ 2023ൽ വീനീഷ്യസ് ലോ എന്ന പേരിൽ റിയോ ഡി ജനീറോ ഒരു നിയമം തന്നെ പുറത്തിറക്കി. കായിക മത്സരങ്ങളിലെ വംശീയ അധിക്ഷേപങ്ങൾക്കെതിരെ കടുത്ത നടപടി വിഭാവനം ചെയ്യുന്നതായിരുന്നു ഈ നിയമം. കൂടാതെ തങ്ങളുടെ anti-racism committeeയെ വിനി നയിക്കുമെന്ന് ഫിഫയും പ്രഖ്യാപിച്ചു.
പക്ഷേ വർണവെറിക്കിടയിലും അയാൾ മൈതാനത്ത് വർണങ്ങൾ വാരിയിട്ടു. സാന്റിയാഗോ ബെർണബ്യൂവിലെ രാവുകൾ അവന്റെ കാലുകളാൽ മനോഹരമായ ഒരു ഫുട്ബോൾ സീസണിനാണ് കൊടിയിറങ്ങിയത്. ലാലിഗയും ചാമ്പ്യൻസ് ലീഗും അടക്കമുള്ള ഫുട്ബോളിലെ പ്രസ്റ്റീജസ് കിരീടങ്ങളിൽ വീണ്ടും ലോസ് ബ്ലാങ്കോസിന്റെ പേരു പതിഞ്ഞതിന്റെ കാരണക്കാരൻ. അതുകൊണ്ടുതന്നെ ബാലഡിയോറിന്റെ തിളക്കം വിനീഷ്യസ് ചൂടുമെന്ന് തന്നെയാണ് പ്രതീക്ഷപ്പെട്ടിരുന്നത്. പക്ഷേ അവസാന നിമിഷം ബാലൺ ഡോർ മറ്റൊരാൾക്കെന്ന വാർത്ത വന്നപ്പോൾ താരവും താരത്തിന്റെ ക്ലബും വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വിനീഷ്യസില്ലാത്ത പാരിസിലെ രാവിനെ ആഘോഷമാക്കാൻ ഞങ്ങളുണ്ടാകില്ലെന്ന് റയൽ മാഡ്രിഡ് ടീം ഒന്നടങ്കമാണ് പ്രഖ്യാപിച്ചത്. തനിക്കർഹതപ്പെട്ടത് കിട്ടാത്തത് വംശീയതക്കെതിരെ താൻ നടത്തിയ പ്രതിഷേധങ്ങൾ കൊണ്ടാണെന്ന് വിനീഷ്യസ് ഉറച്ചുവിശ്വസിച്ചു. സ്പാനിഷുകാരൻ റോഡ്രി അത് അത് അർഹിച്ചിരുന്നോ ഇല്ലയോ എന്നത് വേറെ ചർച്ചയാണ്. പക്ഷേ ഗ്യാലറിയിൽ നിന്നും നിരന്തരം കേട്ട വംശീയതയിൽ മുറിവേറ്റ വിനീഷ്യസിന് അങ്ങനെ കരുതാനുള്ള എല്ലാ അവകാശവുമുണ്ട്.
അഞ്ചുവയസ്സുമുതലേ പന്തുതട്ടിത്തുടങ്ങിയവനാണ് വിനീഷ്യസ്. ഗ്രൗണ്ടിൽ വിനിയെ പിടിക്കാൻ ഒരു മോട്ടോർ ബൈക്ക് വേണമെന്ന് എതിരാളികൾ വരെ പറയുമായിരുന്നുവെന്നാണ് കുട്ടിക്കാലത്തെ കോച്ചായ കാക്കോവ ഓർക്കുന്നത്. അധികം വൈകാതെ െഫ്ലമങ്ങോ അക്കാദമിയിലെത്തി. അവിടെവെച്ചുള്ള നിരന്തര പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിനീഷ്യസ് രാകിമിനുക്കിയെടുക്കപ്പെട്ടു. 2017ൽ നടന്ന സൗത്ത് അമേരിക്കൻ അണ്ടർ 17 ടൂർണമെന്റാണ് വിനിയുടെ കളി ജീവിതത്തിന്റെ വഴിത്തിരിവാകുന്നത്. വീണ്ടുമൊരു അണ്ടർ 17 കിരീടം കാനറികൾ കൊത്തിപ്പറക്കുമ്പോൾ ചിറകുനൽകിയത് ആ കൗമാരക്കാരനായിരുന്നു. 7 ഗോളുകളുമായി ടോപ്പ് സ്കോററായ വിനി ടൂർണമെന്റിലെ മികച്ചതാരമായും തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ബ്രസീലിയൻ ക്ലബുകളെ ബൈനോക്കുലർ വെച്ച് നിരീക്ഷിക്കുന്ന യൂറോപ്യൻ ക്ലബുകളുടെ കണ്ണുകൾ അധികം വൈകാതെ വിനീഷ്യസിലുമുടക്കി. ബാഴ്സലോണയും റയലുമെല്ലാം താരത്തിൽ കണ്ണുവെച്ചു. പക്ഷേ ഇഷ്ടപ്പെട്ടതെല്ലാം ബെർണബ്യൂവിലേക്ക് കൊണ്ടുവരുന്ന േഫ്ലാറന്റീനോ പെരസ് ഒടുവിൽ വിനീഷ്യസുമായും ൈകൊടുത്തു. ആദ്യ സീസണിൽ റയലിൽ ബെഞ്ചിലിരുന്ന വിനീഷ്യസിനെ മൈതാനത്തേക്ക് ഇറക്കിവിട്ടതിലും താരമാക്കിയതിലും കാർലോ ആഞ്ചലോട്ടിയെന്ന റയൽ പരിശീലകന്റെ കൂർമബുദ്ധിയുമുണ്ട്.
വിനീഷ്യസിന്റെ കാലിലുള്ളത് ബ്രസീലിയൻ സാംബ താളമാണോ അതോ യൂറോപ്യൻ പ്രൊഫഷണലിസമാണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പക്ഷേ വിനീഷ്യസിന്റെ പ്രതിഭയിലാർക്കും സംശയമില്ല. പക്ഷേ റയലിൽ കാണുന്ന വിനീഷ്യസിന്റെ പകിട്ട് ബ്രസീലിൽ കാണുന്നില്ല എന്ന വിമർശനമുണ്ട്. കണക്കുകൾ നോക്കിയാൽ അത് ന്യായവുമാണ്. 24 വയസ്സിനുള്ളിൽ റയലിനൊപ്പം എല്ലാം നേടിയ വിനീഷ്യസിന് ബ്രസീലിന്റെ മോഹമഞ്ഞയിൽ ഇനിയും തെളിയിക്കാൻ ഏറെയുണ്ട്.