മെസ്സിയും റൊണാൾഡോയുമല്ല, ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരം ഇതാ...
ന്യൂയോർക്: ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരം ആരാണ്? ലയണൽ മെസ്സിയെന്നോ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നോ ഉത്തരം പറയാനിരിക്കുന്നവർക്ക് തെറ്റി. ബ്രൂണേക്കാരനായ ഫായിഖ് ബോൽക്കിയയാണ് ഏറ്റവുമധികം സമ്പന്നനായ ഫുട്ബോൾ താരം. ലയണൽ മെസ്സിക്ക് 600 മില്യൺ ഡോളറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 500 മില്യൺ ഡോളറിന്റെയും ആസ്തിയാണ് ഉള്ളതെങ്കിൽ ഫായിഖ് ബോക്കിയക്ക് 20 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
തായ്‍ലൻഡ് ലീഗിലെ റാച്ചബുരി എഫ്.സിക്കും ബ്രൂണേ ദേശീയ ടീമിനായും കളിക്കുന്ന ഫായിഖിന് എങ്ങനെയാണ് ഇത്രയും പണം ലഭിക്കുന്നത്. ന്യായമായും ഉയരുന്ന ഒരു ചോദ്യമാണത്. അതിന് ഒരു ഉത്തരമേയുള്ളൂ. ഫായിഖ് ബ്രൂണേ രാജ കുടുംബത്തിലെ അംഗമാണ്.
അദ്ദേഹത്തിന്റെ പിതാവ് ജെഫ്രി ബോൽക്കിയ ബ്രൂണേ രാജകുടുംബത്തിലെ ‘പ്രിൻസ്’ എന്ന പദവി അലങ്കരിക്കുന്നു. നിലവിലെ ബ്രൂണേ സുൽത്താനായ ഹസനൽ ബോൽകിയാ അദ്ദേഹത്തിന്റെ അമ്മാവനാണ്. സമ്പത്തുണ്ടായിട്ടും ഫുട്ബോളിനോടുള്ള അഭിനിവേശം കൊണ്ട് പന്തുതട്ടുന്നയാളാണ് ഫായിഖ്. 26 കാരനായ താരം സതാംപ്റ്റൺ, ചെൽസി, ലെസ്റ്റർ സിറ്റി അടക്കമുള്ളവരുടെ അക്കാഡമികളിൽ പരിശീലച്ച ഫായിഖ് ബ്രൂണേ ദേശീയ ടീമിനായി ആറ് മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.
എന്നാൽ ഫായിഖിന്റെ സമ്പാദ്യം ഫുട്ബോളിൽ നിന്നുള്ളതല്ലാത്തത് കൊണ്ട് സമ്പന്നരായ താരങ്ങളിൽ പൊതുവേ അദ്ദേഹത്തെ പരിഗണിക്കാറില്ല. ഗോൾഫ്, ടെന്നീസ് അടക്കമുള്ള സമ്പന്നമായ കളികളെപ്പോലും പിന്തള്ളിക്കൊണ്ട് ഫുട്ബോൾ താരങ്ങൾ പണം സമ്പാദിക്കുന്ന കാഴ്ചയാണ് കാണുന്നത്. ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന 10 കായിക താരങ്ങളെയെടുത്താൽ അതിൽ അഞ്ചുപേരും ഫുട്ബോൾ താരങ്ങളാണ്. ഒരു ഗ്ലോബൽ ഗെയിമെന്ന പ്രതിച്ഛായയും സൗദി പ്രൊ ലീഗ് അടക്കമുള്ളവയുടെ ഉയർച്ചയും ഫുട്ബോളിൽ പണം കുമിഞ്ഞുകൂടുന്നതിന് കാരണമായിട്ടുണ്ട്. ഫായിഖ് കഴിഞ്ഞാൽ മെസ്സിയും റൊണാൾഡോയും ഡേവിഡ് ബെക്കാമുമാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളിലുള്ളത്.