നെയ്മറില്ലാത്ത കാനറിപ്പടയെ പൂട്ടുമോ സ്വിറ്റ്‌സർലാൻഡ് ?
നെയ്മറിന് പകരം ആര് കളിക്കുമെന്ന ചോദ്യത്തിന് ടിറ്റെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല
ദോഹ: ലോകകപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീൽ ഇന്ന് സ്വിറ്റ്‌സർലാൻഡിനെ നേരിടും. രാത്രി 9.30ന് റഅ്സ് അബൂ അബൂദിലാണ്(സ്റ്റേഡിയം 974) മത്സരം. പരിക്കേറ്റ സൂപ്പർ താരം നെയ്മർ ടീമിനൊപ്പം ഉണ്ടാവില്ലെന്ന കാര്യം ബ്രസീലിന് തിരിച്ചടിയാണ്. ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ഒറ്റക്കളി കൊണ്ട് അന്വർത്ഥമാക്കിയാണ് കാനറികൾ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുന്നത്. എന്നാൽ, സൂപ്പർതാരം നെയ്മറിന്റെയും പ്രതിരോധത്തിൽ ഡാനിലോയുടെയും പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. നെയ്മറിന് പകരം ആര് കളിക്കുമെന്ന ചോദ്യത്തിന് ടിറ്റെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
സെർബിയക്കെതിരായ മത്സരത്തിനിടെ നെയ്മറിന് കണങ്കാലിനായിരുന്നു പരിക്കേറ്റത്. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.ഡാനിലോയ്ക്കും കണങ്കാലിനാണ് പരിക്ക്. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാൻ താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറിനെ തങ്ങൾക്ക് വേണമെന്ന് സെർബിയയ്ക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞിരുന്നു.
ബ്രസീലിൽനിന്നുള്ള മാധ്യമപ്രവർത്തകർ രണ്ട് സാധ്യതകളാണ് പറയുന്നത്. നെയ്മറിന്റെ സ്ഥാനത്തേക്ക് പക്വേറ്റയെ മാറ്റി ഫ്രെഡിനെ മധ്യനിരയിൽ കളിപ്പിക്കുക. അല്ലെങ്കിൽ റോഡ്രിഗോയെ കളിപ്പിക്കുക. ഡാനിലോക്ക് പകരം എഡർ മിലിറ്റാവോയ്ക്കാണ് കൂടുതൽ സാധ്യത. ഡാനി ആൽവ്സാണ് മറ്റൊരു ചോയ്സ്. കഴിഞ്ഞ രണ്ട് പരിശീലന സെഷനിലും ഇറങ്ങാതിരുന്ന ആന്റണി ഇന്നലെ വൈകീട്ട് നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നു.
ബ്രസീലിന്റെ യുവത്വത്തെ പ്രതിരോധപ്പൂട്ടിട്ട് തളയ്ക്കാമെന്നാണ് സ്വിസ് ടീമിന്റെ പ്രതീക്ഷ. ഷാക്കയും ഷാക്കിരിയും എംബോളോയും നയിക്കുന്ന മുന്നേറ്റവും വലയ്ക്ക് പിന്നിൽ സോമറിന്റെ സാന്നിധ്യവും അവരുടെ സ്വപ്നങ്ങൾക്ക് നിറംപകരുന്നു. ആദ്യമത്സരത്തിൽ ആഫ്രിൻ കരുത്തരായ കാമറൂണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് സ്വിസ് പട ജയിച്ചിരുന്നു. എന്നാൽ, ശക്തരായ സെർബിയൻ സംഘത്തെ എതിരില്ലാത്ത രണ്ടു ഗോളിനു തകർത്താണ് ബ്രസീൽ വരുന്നത്.