ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സിന് പനിപ്പേടി
ഫ്രാന്‍സ് ടീമിലെ അഞ്ച് പ്രമുഖ താരങ്ങളാണ് പനിയും പരിക്കുംമൂലം ഇന്നലെ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത്
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സ് ടീമിലെ അഞ്ച് പ്രമുഖ താരങ്ങളാണ് പനിയും പരിക്കുംമൂലം ഇന്നലെ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നത്. അതേ സമയം മൊറോക്കോയ്ക്കെതിരെ പുറത്തിരുന്ന റാബിയോട്ടും ഉപാമെക്കാനോയും പരിശീലനത്തിനിറങ്ങി.
കിന്‍സ്ലി കൊമാന്‍, റാഫേല്‍ വരാനെ,ഇബ്രിഹിമ കൊനാറ്റെ എന്നിവര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. മധ്യനിരക്കാരന്‍ ഷൊമേനിയും സെമിയില്‍ മൊറോക്കോയ്ക്കെതിരെ ആദ്യ ഗോള്‍ നേടിയ തിയോ ഹെര്‍ണാണ്ടസും പരിശീലനത്തിന് ഇറങ്ങിയിട്ടില്ല, ഇരുവര്‍ക്കും കാര്യമായ പ്രശ്നങ്ങളില്ലെന്നും കോച്ച് വിശ്രമം അനുവദിച്ചതാണെന്നുമാണ് ടീം ക്യാമ്പില്‍ നിന്നുള്ള വിവരം. അതേ സമയം പനിബാധിച്ച മൂന്നുപേരും ഫൈനലില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഫ്രാന്‍സിന്റെ പ്രതിരോധനിരക്ക് വലിയ ആഘാതമാകും ഈ വിടവ് സൃഷ്ടിക്കുക. മൊറോക്കോയ്ക്കെതിരെ പനിമൂലം കളിക്കാതിരുന്ന മധ്യനിരക്കാരന്‍ റാബിയോട്ടും ഉപമെക്കാനോയും തിരിച്ചെത്തുന്നതാണ് ഏക ആശ്വാസം.അതേ സമയം വൈറല്‍ ഫീവര്‍ ഫ്രഞ്ച് ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒസ്മാന്‍ ഡെംബലെ പറഞ്ഞു. മെസി മികച്ച താരമാണ്,അദ്ദേഹത്തിന് പരമാവധി പന്ത് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഡെംബെലെ വ്യക്തമാക്കി . എല്ലാവര്‍ക്കും ലോകകപ്പ് ജയിക്കണം എന്ന ആഗ്രമുണ്ട്, മെസിക്ക് ലഭിക്കാത്ത ഏക കിരീടവും ഇതാണ്., പക്ഷെ ഇത്തവണ ഫ്രാന്‍സിന് കിരീടം സമ്മാനിക്കാനാണ് ഞങ്ങള്‍ ഇറങ്ങുന്നതെന്നും ഒസ്മാന്‍ ഡെംബേലെ കൂട്ടിച്ചേർത്തു.