17 വര്‍ഷങ്ങളുടെ കാത്തിരിപ്പ്; ഹോക്കി ലോകകിരീടം ജര്‍മനിക്ക്, ബെല്‍ജിയത്തെ തകര്‍ത്തത് ഷൂട്ടൌട്ടില്‍

ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ ഉശിരന്‍ തിരിച്ചുവരവ്.

Update: 2023-01-30 05:42 GMT

ജര്‍മന്‍ ടീമിന്‍റെ വിജയാഹ്ലാദം

Advertising

17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഹോക്കി ലോകകപ്പില്‍ ജര്‍മനി ചാമ്പ്യന്മാര്‍. ബെല്‍ജിയത്തെ ഷൂട്ടൌട്ടില്‍ തകര്‍ത്താണ് ജര്‍മനി മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് ഫൈനലിന്‍റെ എല്ലാ ആവേശവും കണ്ട മത്സരത്തില്‍ ഷൂട്ടൗട്ടിൽ 5-4നായിരുന്നു ജര്‍മനിയുടെ വിജയം. 

സെമിഫൈനലിലേതുപോലെ തന്നെ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് ജര്‍മനി ഫൈനിലും വിജയം പിടിച്ചുവാങ്ങിയത്. ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ ഉശിരന്‍ തിരിച്ചുവരവ്. നിശ്ചിത സമയത്ത് സ്കോർ 3-3 ആയിരുന്നു, ഷൂട്ടൌട്ടിലേക്ക് കടന്ന മത്സരത്തില്‍ അവസാന പെനാല്‍റ്റിയില്‍ ബെല്‍ജിയം വീഴുകയായിരുന്നു.

ആദ്യ ക്വാർട്ടറിൽത്തന്നെ 2-0 എന്ന നിലയിൽ ലീഡ് ചെയ്ത ബെല്‍ജിയത്തെ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ് ജര്‍മനി കീഴടക്കിയത്. രണ്ടാം ക്വാർട്ടറിൽ ഒരു ഗോൾ മടക്കിയ ജർമനി ആദ്യം ബെല്‍ജിയത്തിന്‍റെ ലീഡ് ഒന്നാക്കി കുറച്ചു. മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി മടക്കി സ്‌കോർ  സമനിലയാക്കി. അതിന് ശേഷം നടന്നത് അത്യന്തം ആവേശകരമായ ഫൈനലിന്‍റെ അവസാന നിമിഷങ്ങളായിരുന്നു.

ലാസ്റ്റ് ക്വാർട്ടറിന്‍റെ തുടക്കത്തിൽ തന്നെ സ്കോര്‍ ചെയ്ത ജർമനി ഫൈനലിലാദ്യമായി ലീഡ് നേടി. പിന്നീട് കടുത്ത പോരാട്ടം തന്നെയായിരുന്നു. സമനിലക്കായി വിയര്‍ത്തുകളിച്ച ബെൽജിയവും ലീഡ് നിലനിർത്തി കിരീടം നേടാനുള്ള ജർമനിയുടെ പ്രതിരോധവും. ഒടുവില്‍ ടോം ബൂൺസിൻറെ ഗോളിലൂടെ ബെൽജിയം കളി വീണ്ടും സമനിലയാക്കി. നിശ്ചിത സമയത്ത് സ്കോര്‍ (3-3) തുല്യമായതോടെ മത്സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടില്‍ ആദ്യ രണ്ട് ഷോട്ടുകളും ജര്‍മനി വലയിലെത്തിച്ചപ്പോള്‍ മൂന്നാമത്തേയും അഞ്ചാമത്തേയും ഷോട്ട് പുറത്തേക്ക് പോയി. ആദ്യ ഷോട്ടില്‍ ഗോള്‍ കണ്ടെത്തിയ ശേഷം തുടര്‍ച്ചയായ രണ്ട് ഷോട്ടുകള്‍ പാഴാക്കിയ ബെല്‍ജിയം പിന്നീട് എടുത്ത മൂന്ന് ഷോട്ടും സ്കോര്‍ ചെയ്തിരുന്നു. എന്നാല്‍ നിർണ്ണായകമായ ബെല്‍ജിയത്തിന്‍റെ ഏഴാം കിക്കെടുത്ത ടാംഗുയ് കോസിൻസിന് പക്ഷേ പിഴച്ചു. ആ പിഴവിന് ഒരു ലോകകിരീടത്തിന്‍റെ തന്നെ വിലയുണ്ടായിരുന്നു. അങ്ങനെ ജര്‍മനി മൂന്നാം തവണ ലോകകിരീടത്തില്‍ മുത്തമിട്ടു. 17 വര്‍ഷം മുന്‍പ് 2006ലാണ് ജർമനി ഇതിന് മുൻപ് അവസാനമായി ലോക കിരീടം ചൂടിയത്.

ഈ കിരീടനേട്ടത്തോടെ മൂന്ന് ഹോക്കി ലോകകപ്പുകള്‍ നേടുന്ന നാലാമത്തെ ടീമായി ജര്‍മനി മാറി. പാകിസ്ഥാൻ, ഹോളണ്ട്, ആസ്ത്രേലിയ എന്നിവരാണ് ഇതിനുമുന്‍പ് ഹോക്കിയില്‍ മൂന്ന് തവണ ലോകചാമ്പ്യന്മാരായിട്ടുള്ളത്. അതേസമയം ലൂസേഴ്സ് ഫൈനലില്‍ ആസ്ത്രേലിയയെ 3-1ന് തകര്‍ത്ത് നെതർലൻഡ്സ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News