മത്സരമവസാനിക്കുമ്പോൾ സ്‌കോർ 1-1; എന്നിട്ടും റീതിക തോറ്റു, കാരണമിതാണ്
ഗുസ്തിയിലെ വിചിത്രം എന്ന് തോന്നോവുന്നൊരു നിയമമാണ് ക്വാര്‍ട്ടറില്‍ ഇന്ത്യൻ താരത്തിന്റെ വഴിമുടക്കിയത്
പാരീസ്: ഒളിമ്പിക്‌സ് ഗോദയിൽ നിന്ന് ഇന്ത്യയെ തേടി ഇക്കുറിയെത്തിയത് മുഴുവൻ നിരാശപ്പെടുത്തുന്ന വാർത്തകളാണ്. വിനേഷ് ഫോഗട്ടിന്റെ അയാഗ്യത മുതൽ റീതിക ഹൂഡയുടെ പുറത്താകൽ വരെ നീണ്ടു പോകുന്നു അത്. കഴിഞ്ഞ ദിവസമാണ് വനിതകളുടെ 76 കിലോഗ്രാം വിഭാഗം ക്വാർട്ടറിൽ ഇന്ത്യയുടെ റീതിക ഹൂഡ കിർഗിസ്താന്റെ ഐപെറി മെഡെറ്റ് കിസിയോട് പരാജയപ്പെട്ട് പുറത്തായത്. മത്സരം അവസാനിക്കുമ്പോൾ ഇരു താരങ്ങൾക്കും ഓരോ പോയിന്റ് വീതമുണ്ടായിരുന്നു. എന്നിട്ടും കിർഗിസ്താൻ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിന് കാരണമെന്താണ്?
ഗുസ്തിയിലെ വിചിത്രം എന്ന് തോന്നാവുന്നൊരു നിയമമാണ് ഇന്ത്യൻ താരത്തിന്റെ വഴിമുടക്കിയത്. ഗുസ്തിയിൽ മത്സരം സമനിലയിലായാൽ അവസാനം പോയിന്റ് നേടിയ താരം ആരാണോ അവരെയാണ് വിജയായി പ്രഖ്യാപിക്കുക. ഈ മത്സരത്തിൽ റീതികയാണ് സ്‌കോർ ബോർഡ് തുറന്നതെങ്കിൽ അവസാനമായി സ്‌കോർ ചെയ്തത് മെഡെറ്റ് കിസിയാണ്. ഇതോടെ ക്വാർട്ടറിൽ റീതിക നിർഭാഗ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക്.
പുരുഷൻമാരുടെ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്ത് നേടിയ വെങ്കലം മാത്രമാണ് ഗോദയില്‍ ഇക്കുറി ഇന്ത്യക്ക് ലഭിച്ച ആശ്വാസ മെഡല്‍. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ നിഷ്പ്രഭമാക്കിയാണ് സെഹ്റാവത്ത് ചരിത്രമെഴുതിയത്.
13-5 എന്ന സ്കോറിനാണ് ക്രൂസിനെ സെഹ്റാവത്ത് മലർത്തിയടിച്ചത്. 21കാരനായ താരത്തിലൂടെ ഇന്ത്യ പാരിസിൽനിന്നും ആറാം മെഡലാണ് നേടിയത്. സെമിയിൽ ജപ്പാൻതാരം ഹിഗൂച്ചിക്കെതിരെ മോശം പ്രകടനം നടത്തിയ അമാൻ ഗോദയിൽ ഉണർന്നെണീക്കുകയായിരുന്നു.
പാരിസിലെത്തിയ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷനാണ് അമൻ. അൽബേനിയയുടെ മുൻ ലോക ചാമ്പ്യനായ സെലിംഖാൻ അബക്കറോവിനെ 12-0ത്തിനും ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10-0ത്തിനും അമൻ തകർത്തെറിഞ്ഞിരുന്നു. എന്നാൽ സെമിയിൽ ഹിഗൂച്ചി നേടിയ ലീഡ് മറികടക്കാനും മത്സരത്തിലേക്ക് തിരിച്ചുവരാനും അമന് സാധിക്കാതെ വരികയായിരുന്നു.