ഐ സി സി ടി20 റാങ്കിങ്; സഞ്ജുവിന് വൻ തിരിച്ചടി, കുതിച്ച് കയറി തിലകും വരുണും
മൂന്നാം ടി20 യിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം പരമ്പരയിൽ ഇതിനോടകം പത്ത് വിക്കറ്റ് സ്വന്തമാക്കിയ വരുൺ ചക്രവർത്തി ബോളർമാരിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി


പുതുക്കിയ ഐ.സി.സിയുടെ ടി20 റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസണ് വൻ തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് വിനയായത്. 12 സ്ഥാനങ്ങൾ താഴേക്കിറങ്ങിയ താരം ഇപ്പോൾ 29ാം റാങ്കിലാണ്. അതേ സമയം രണ്ടാം ടി20 യിൽ തകർപ്പൻ പ്രകടനം നടത്തിയ തിലക് വർമ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
മൂന്നാം ടി20 യിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം പരമ്പരയിൽ ഇതിനോടകം പത്ത് വിക്കറ്റ് സ്വന്തമാക്കിയ വരുൺ ചക്രവർത്തി ബോളർമാരിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. കരിയറിൽ വരുണിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് വരുൺ ഒറ്റയടിക്ക് ആദ്യ അഞ്ചിലേക്ക് കുതിച്ചെത്തിയത്.
ബാറ്റർമാരുടെ പട്ടികയിൽ ആസ്‌ത്രേലിയയുടെ ട്രാവിസ് ഹെഡ്ഡാണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്തിൽ തിലക് വർമക്ക് പുറമേ രണ്ട് ഇന്ത്യക്കാർ കൂടിയുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തുമാണ്. ബോളർമാരുടെ പട്ടികയിൽ വരുൺ ചക്രവർത്തിക്ക് പുറമേ അർഷദീപ് സിങ്ങും രവി ബിഷ്‌ണോയിയുമാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങൾ. അർഷദീപ് ഒമ്പതാം സ്ഥാനത്തും ബിഷ്‌ണോയ് പത്താം സ്ഥാനത്തുമാണ്.
ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ തന്നെയാണ് ഇപ്പോഴും ഒന്നാമത്. അക്‌സർ പട്ടേൽ 12ാം സ്ഥാനത്തുണ്ട്. ടീം റാങ്കിങ്ങിൽ 268 റേറ്റിങ്ങുമായി ടീം ഇന്ത്യ തന്നെയാണ് ഒന്നാമത്.