സാം‘സൺ ഡേ’; സിംബാബ്‍വേയെ 42 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ഇന്ത്യക്കായി മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി
ഹരാരേ: അർധ സെഞ്ച്വറിയുമായി ഉപനായകൻ സഞ്ജു സാംസണും ഓള്‍റൗണ്ട് പ്രകടനവുമായി ശിവം ദൂബേയും കളംനിറഞ്ഞ പോരാട്ടത്തിൽ സിംബാബ്‍വേക്കെതിരായ അവസാന ടി20 യിലും ഇന്ത്യക്ക് ജയം. 42 റൺസിനാണ് ഇന്ത്യ ആതിഥേയരെ തകർത്തത്. ഇന്ത്യ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‍വേക്ക് നിശ്ചിത 20 ഓവറിൽ 125 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി മുകേഷ് കുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിവം ദൂബേ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്ത ടോസ് നേടിയ സിംബാബ്‍വേ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ശുഭ്മാൻ ഗില്ലിനും മൂന്നാമനായിറങ്ങിയ അഭിഷേക് ശർമക്കും കാര്യപ്പെട്ട സംഭാവനകൾ നൽകാനാവാതിരുന്നപ്പോൾ നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഏറെ പക്വതയോടെ ബാറ്റ് വീശിയ സഞ്ജു 45 പന്തിൽ 58 റൺസെടുത്തു. നാല് സിക്‌സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിന് മിഴിവേകി. പരാഗ് 22 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ക്രീസിലെത്തിയ ശിവം ദൂബേയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 150 കടന്നു. ദൂബേ 12 പന്തിൽ രണ്ട് സിക്‌സിന്റേയും രണ്ട് ഫോറിന്റേയും അകമ്പടിയിൽ 26 റൺസെടുത്തു. ദൂബേയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നു (4 -1 ).