ഹോക്കിയിലും പൊന്ന് തൂക്കി ഇന്ത്യ; ജപ്പാനെ തകർത്തത് മലയാളിയടങ്ങുന്ന സംഘം; മെഡൽ 100 കടക്കും
ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ് രണ്ട് ഗോളുകൾ നേടി.
Update: 2023-10-06 13:13 GMT
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ പൊന്നണിഞ്ഞത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ് രണ്ട് ഗോളുകൾ നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 95ആയി.
മലയാളി താരം പി.ആർ ശ്രീജേഷും ടീമിലുണ്ട്. 100 മെഡലുകൾ എന്ന സ്വപ്നവുമായാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ താരങ്ങളുമായി ഇന്ത്യ ഹാങ്ചൗവിലേക്ക് പറന്നത്. 665 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
ഇനി നാലു ഇനങ്ങളിലായി ഏഴു മെഡലുകളും ഉറപ്പായിട്ടുണ്ട്. ഏറ്റവും കൂടുതൽ മെഡൽ നേടിയ ഏഷ്യൻ ഗെയിംസ് എന്ന റെക്കോർഡ് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ താരങ്ങൾ മറികടന്നത്. 2018ലെ ജക്കാർത്ത ഒളിമ്പിക്സിൽ നേടിയ 70 മെഡലുകൾ എന്ന നേട്ടമാണ് കഴിഞ്ഞദിവസം ഇന്ത്യ മറികടന്നത്.