സമ്പൂർണ വിജയം തേടി ഇന്ത്യ, തലയുയർത്തി മടങ്ങാൻ ശ്രീലങ്ക; കളിയാവേശത്തിനൊരുങ്ങി കാര്യവട്ടം

ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

Update: 2023-01-15 02:40 GMT
Editor : Lissy P | By : Web Desk

ഇന്ത്യ - ശ്രീലങ്ക കാര്യവട്ടം ഏകദിനം ഇന്ന്

Advertising

തിരുവനന്തപുരം: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക കാര്യവട്ടം ഏകദിനം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് ഒന്നര മുതലാണ് മത്സരം. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാൽ കൂടുതൽ താരങ്ങൾക്ക് ഇന്ന് ഇന്ത്യ അവസരം നൽകിയേക്കും.

അതേസമയം, ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും കാര്യവട്ടത്തെത്തുന്നത്. തലയുയർത്തി മടങ്ങാമെന്ന പ്രതീക്ഷയിൽ തന്നെയാകും ശ്രീലങ്ക കാര്യവട്ടത്തിറങ്ങുന്നത്.രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് അടക്കമുള്ള താരങ്ങളാരും കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് എത്തിയിരുന്നില്ല. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് തുടങ്ങിയവർ കാര്യവട്ടത്ത് കളിച്ചേക്കും. മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേരുകയും ചെയ്തു. ദ്രാവിഡ് അസുഖത്തെ തുടർന്ന് മടങ്ങുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

മത്സരം കാണാനായി 11 മണിയോടെയാണ് ആരാധകരെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്. ടീമിനായി തയ്യാറാക്കിയ പ്രത്യേക വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിന് പിന്നാലെ ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങളായ സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,വാഷിങ്ടൺ സുന്ദർ,അക്‌സർ പട്ടേൽ ചഹൽ തുടങ്ങിയവർ പത്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News