സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം
ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ പാകിസ്താനെ 2-1 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ പത്താം സ്വർണമാണിത്. ഫൈനലിൽ പാകിസ്താനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ 2-1 ന് വിജയിച്ചത് . ആദ്യ സെറ്റിൽ 3-1 നായിരുന്നു ഇന്ത്യയുടെ തോൽവി.
നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം അഭയ് സിങ് പാകിസ്താന്റെ സമാൻ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്കോറിനാണ് തോൽപിച്ചത്.
ടെന്നീസ് മിക്സഡ് ഡബിള്‍സിൽ രോഹൻ ബൊപ്പണ്ണയും ഋതുലയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. നിലവിൽ 10 സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 36 ആയി.
ഇനി അത്ലറ്റിക്സിൽ 400 മീറ്ററിൽ ഇന്ത്യക്കായി മലയാളി താരമായ മുഹമ്മദ് അജ്മലും വനിതാ വിഭാഗത്തിൽ ഐശ്വര്യ മിസ്രയും മത്സരിക്കും. ഇരുവരും ഇന്നലെ യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.