വെള്ളക്കുപ്പായത്തിൽ ഏകദിനം കളിച്ച് പന്ത്; ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ റിഷഭ് പന്തിന് സെഞ്ച്വറി
മുൻനിര തകർന്നതോടെ ഇന്ത്യൻ ആരാധകർ അനിവാര്യമായ ദുരന്തം പ്രതീക്ഷിച്ചിരിക്കെയാണ് പന്തും ജഡേജയും ഒന്നിച്ചത്.
ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് സ്‌കോർ കാർഡിനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ച് റിഷഭ് പന്തും രവീന്ദ്ര ജഡേജയും. ടെസ്റ്റ് ക്രിക്കറ്റിന്റെ സാമ്പ്രദായിക മാതൃകകളെയല്ലാം മാറ്റിവെച്ച് വെള്ളക്കുപ്പായത്തിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 90 പന്തിൽ 101 നേടി സെഞ്ച്വറി നേടിയിട്ടും തന്റെ വേട്ട തുടർന്നു. മറു വശത്ത് രവീന്ദ്ര ജഡേജ 107 പന്തിൽ 45 റൺസ് നേടി മികച്ച പിന്തുണ നൽകി.
തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ നിരക്ക് 6.2 ഓവറിൽ തന്നെ ഓപ്പണറായ ശുബ്മാൻ ഗില്ലിനെ നഷ്ടമായി. 24 പന്തിൽ 17 റൺസ് നേടിയ ഗിൽ ജെയിംസ് ആൻഡേഴ്‌സണിന്റെ പന്തിൽ സാക്ക് ക്രൗളിക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ ശൈലിയിൽ പതുക്കെ കളിച്ച ചേതേശ്വർ പൂജാരയേയും ആൻഡേഴ്‌സൺ തന്നെ മടക്കി. 13 റൺസ് മാത്രം നേടിയ പൂജാരയുടേയും ക്യാച്ച് സാക്ക് ക്രൗളിക്ക് തന്നെയായിരുന്നു. ഇതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം നേരത്തെ ചായക്ക് പിരിഞ്ഞു. മണിക്കൂറുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോഴും ഇന്ത്യൻ തകർച്ച തുടർന്നു. മാറ്റി പോട്‌സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി 20 റൺസ് നേടിയ ഹനുമ വിഹാരിയാണ് ആദ്യം മടങ്ങിയത്.
പിന്നെ മുഴുവൻ കണ്ണുകളും ശ്രദ്ധിച്ചത് വിരാട് കോഹ്ലിയുടെ ബാറ്റിലേക്കായിരുന്നു. പക്ഷേ മാറ്റി പോട്‌സിന്റെ പന്തിൽ ക്ലീൻ ബൗൾഡായി കോഹ്ലി (11 റൺസ്)യും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. മൂന്നോവറുകൾക്ക് അപ്പുറം ശ്രേയസ് അയ്യറെ (15 റൺസ്, ക്യാച്ച്-ബില്ലിങ്‌സ്) ആൻഡേഴ്‌സൺ വീഴ്ത്തിയതോടെ സ്‌കോർ മൂന്നക്കം കടക്കും മുമ്പ് ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ചു പേർ കൂടാരം കയറിയിരുന്നു.
മുൻനിര തകർന്നതോടെ ഇന്ത്യൻ ആരാധകർ അനിവാര്യമായ ദുരന്തം പ്രതീക്ഷിച്ചിരിക്കെയാണ് പന്തും ജഡേജയും ഒന്നിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ് ഇന്ത്യ.