ബം'ഗോളില്‍' മുങ്ങി ബ്ലാസ്റ്റേഴ്സ് ; കൊച്ചിയില്‍ നാണംകെട്ട തോല്‍വി

മഞ്ഞപ്പടയുടെ തോല്‍വി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്, രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് റെഡ് കാര്‍ഡ്

Update: 2024-04-03 16:30 GMT
Advertising

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ലീഗിലെ 11ാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളിന്റെ നാണംകെട്ട തോൽവിയാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. ലീഗിലെ അവസാന ഹോം മത്സരം ജയിച്ചവസാനിപ്പിക്കാം എന്ന മഞ്ഞപ്പടയുടെ മോഹങ്ങൾക്ക് മേലാണ് ബംഗാളിന്റെ ഷോക്ക്. മത്സരത്തിൽ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഈസ്റ്റ് ബംഗാളിനായി സോൾ ക്രെസ്‌പോയും നാവോറം മഹേഷ് സിങ്ങും ഇരട്ട ഗോൾ നേടി. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ 23ാം മിനിറ്റിൽ ഫെഡോർ സെർനിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. രാഹുൽ കെ.പി നീട്ടി നൽകിയ പന്തിൽ മനോഹരമായൊരു ഫിനിഷ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷങ്ങൾക്ക് അൽപായുസായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. ഈസ്റ്റ് ബംഗാൾ മുന്നേറ്റ നിര താരത്തെ പോസ്റ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ കീപ്പർ കരൺജീത് സിങ് വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ക്രെസ്‌പോ പിഴവുകളില്ലാതെ വലയിലെത്തിച്ചു.  45ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സൺ സിങ് പുറത്തായതോടെ മഞ്ഞപ്പട പത്ത് പേരായി ചുരുങ്ങി. 

71ാം മിനിറ്റിൽ ഗോൾ കീപ്പർ കരൺ ജീത് സിങ്ങിന്റെയും ക്യാപ്റ്റൻ ലെസ്‌കോവിച്ചിന്റേയും പിഴവിൽ ഈസ്റ്റ് ബംഗാള്‍ കളിയില്‍ ലീഡെടുത്തു. കരൺജീതിന്റെ പാസ് സ്വീകരിക്കുന്നതില്‍ ലെസ്‌കോക്ക് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത് കുതിച്ച അമൻ സികെ സോൾ ക്രെസ്‌പോക്ക് പന്ത് മറിച്ചു. ക്രെസ്‌പോക്ക് പോസ്റ്റിലേക്ക് നിറയൊഴിക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. 74 ാം മിനിറ്റില്‍ മൈതാനത്ത് നടന്ന കയ്യാങ്കളി ഒരു റെഡ് കാര്‍ഡില്‍ ചെന്നാണ് അവസാനിച്ചത്.  അമൻ സി.കെയെ മുഖം കൊണ്ട് ഇടിച്ച് വീഴ്ത്തിയതിന് നവോച്ച സിങ് ഡയറ്കട് റെഡ് കാര്‍ഡില്‍  പുറത്തേക്ക്. ഇതോടെ ഒമ്പത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രതിരോധത്തിലായി. 

82ാം മിനിറ്റിൽ നാവോറം മഹേഷ് സിങ് ഈസ്റ്റ് ബംഗാളിന്റെ ലീഡുയർത്തി. 84ാം മിനിറ്റിൽ ഹിജാസി മെഹറിന്റെ സെൽഫ് ഗോളിൽ ബംഗാൾ വലകുലുങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. 87ാം മിനിറ്റിൽ നാവോറം മഹേഷ് സിങ് ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.

മത്സരത്തിൽ കളത്തിലും കണക്കിലും ബംഗാൾ തന്നെയായിരുന്നു മുന്നിൽ. കളിയുടെ 62 ശതമാനം നേരവും പന്ത് കൈവശം വച്ചത് ഈസ്റ്റ് ബംഗാളാണ്. 25 ഷോട്ടുകളാണ് ബംഗാൾ താരങ്ങൾ മത്സരത്തിലുടനീളം ഉതിർത്തത്. അതിൽ എട്ടെണ്ണം ഗോൾപോസ്റ്റിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. ബ്ലാസ്റ്റേഴ്സാവട്ടെ കളിയിലുടനീളം ആകെ എട്ട് ഷോട്ടാണ് ഉതിര്‍ത്തത്. അതില്‍ നാലെണ്ണം ഗോള്‍വലയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News