ബ്ലാസ്റ്റേഴ്സിന് ഇന്ന് നക്ഷത്ര രാവ്
ബ്ലാസ്റ്റേഴ്സ് -മുംബൈ സിറ്റി മത്സരം രാത്രി എട്ടിന് കൊച്ചിയിൽ
ക്രിസ്മ്സ് രാവിൽ മുംബൈ സിറ്റിക്കെതിരെയിന്ന് കൊച്ചിയിൽ മത്സരിക്കാനിറങ്ങുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യങ്ങൾ പലതാണ്. ഒക്ടോബറിൽ മുംബൈയിൽ നടന്ന എവേ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണം തീർക്കണം. ഒപ്പം പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തണം. വീണ്ടുമൊരു വിലക്ക് കഴിഞ്ഞെത്തുന്ന കോച്ച് വുകുമനോവിച്ചിന് വിജയം കൊണ്ടൊരു വിരുന്നൊരുക്കണം, അങ്ങനെ ലക്ഷ്യങ്ങൾ പലതാണ്.റഫറിയിങ്ങിനെ വിമർശിച്ചതിന് വിലക്ക് കിട്ടിയ പരിശീലകൻ ഇവാൻ വുകുമനോവിച്ച് തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തെ ടീം എങ്ങനെയാണ് മറികടക്കുകയെന്ന ആശങ്കയും ആരാധകർക്കുണ്ട്. പരിക്ക് ഗുരുതരമായതിനാൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് സീസണിലെ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് സൂചന. അതെ സമയം പുതിയ വിദേശതാരത്തെ ടീമിലെത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മാർകോ ലെസ്കോവിച്ചാണ് ടീമിനെ നയിക്കുന്നത്.
മോഹൻ ബഗാനെതിരെ നടന്ന കഴിഞ്ഞ കളിയിൽ മുംബൈയുടെ നാല് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തിരിക്കുന്നത്. ഈ അവസരം മുതലെടുക്കാനായാൽ മഞ്ഞപ്പടയുടെ ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് നൽകുന്ന ക്രിസ്മസ് സമ്മാനാം കൂടിയാകുമത്. കൊച്ചിയിൽ നടന്ന ആറ് മത്സരങ്ങളിലൊന്നിൽ പോലും തോൽവിയറിഞ്ഞിട്ടില്ലെന്നത് ബ്ലാസ്റ്റേഴസിന് നേട്ടം തന്നെയാണ്. കലൂർ ജഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്. പത്ത് കളിയിൽനിന്ന് 20 പോയന്റോടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒമ്പത് കളിയിൽ 19 പോയന്റുള്ള മുംബൈ നാലാംസ്ഥാനത്താണ്.