ഫുട്‌ബോൾ ലോകകപ്പിൽ മെസി മുത്തമിട്ടിട്ട് ഒരാണ്ട്; ആവേശപ്പോരാട്ടത്തിന്റെ ഓർമ്മകളിൽ ആരാധകർ
ഫ്രാന്‍സിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ വിജയം
ഖത്തര്‍: ലോകഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് ലയണല്‍ മെസിയുടെ സ്ഥാനാരോഹണത്തിന് ഇന്നേക്ക് ഒരാണ്ട്. ഫ്രാന്‍സിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ വിജയം. നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് വിമര്‍ശകരുടെ വായടപ്പിച്ച ആതിഥേയരായ ഖത്തറിന്റെ വിജയനിമിഷം കൂടിയായിരുന്നു അത്.
കൃത്യം ഒരുവര്‍ഷം മുമ്പ് ലുസൈല്‍ സ്റ്റേഡിയം മനുഷ്യക്കടലായിരുന്നു. നീലയും വെള്ളയും പരന്നൊഴുകിയ കടല്‍, ലുസൈല്‍സ്റ്റേഡിയത്തിന്റെ ആ ഇരമ്പല്‍ ഇപ്പോഴും കാതുകളിലുണ്ട്.. ലോകമെങ്ങുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ കാത്തുകാത്തിരുന്ന നിമിഷം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമറഞ്ഞ ഉദ്വേഗഭരിതമായ ഫൈനല്‍ പോരാട്ടം.കിരീടമുറപ്പിച്ച അര്‍ജന്റീനയ്ക്ക് മുന്നില്‍ കൊള്ളിയാന്‍ കണക്കെ എംബാപ്പെ,അധികസമയത്തും മെസിയെടുത്ത ലീഡിന് എംബാപ്പെയുടെ മറുപടി. ഒടുവില്‍ ഷൂട്ടൗട്ടില്‍ മത്സരം അര്‍ജന്റീനയ്ക്കൊപ്പം. ആരാധകര്‍ഇനിയും മറന്നിട്ടില്ലാത്ത നിമിഷങ്ങളായിരന്നു അതല്ലാം...
ലോകഫുട്ബോളിന്റെ രാജാക്കന്‍മാരെ വിശിഷ്ടമായ ബിഷ്തണിയിച്ച് ആദരിച്ചു ഖത്തര്‍. കാലമേറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയ അനുഭവമായിരുന്നു.ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീനയ്ക്കൊപ്പം ആതിഥേയരും ആഘോഷിച്ചു. ഫുട്ബോള്‍ ആസ്വാദനത്തിന് പുതിയ മാനങ്ങള്‍ സമ്മാനിച്ചാണ് 15 ലക്ഷത്തോളം ആരാധകരെ ഖത്തര്‍ യാത്രയാക്കിയത്. ആ അനുഭവത്തെ അവര്‍ നൂറ്റാണ്ടിന്റെ ലോകകപ്പെന്ന് പുകഴ്ത്തിപ്പാടി. ഇന്നിപ്പോള്‍ വന്‍വകരയുടെ പോരിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ലോകകപ്പ് വേദികളില്‍ ലുസൈലടക്കം ഏഴെണ്ണത്തിലും ഏഷ്യകപ്പില്‍ പന്തുരുളും.