റെക്കോര്‍ഡുകളേ... ഇതിലേ ഇതിലേ; ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കോഹ്‍ലി

197 ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്ലിയുടെ നേട്ടം

Update: 2024-10-18 15:12 GMT
Advertising

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ നാഴികക്കല്ലിൽ തൊട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിൽ സൂപ്പർ താരം 9000 റൺസ് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ എന്നിവരാണ് കോഹ്ലിക്ക് മുകളിലുള്ളത്. മുൻ ഇന്ത്യൻ താരങ്ങളായ മൂവരും ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടവരാണ്. 197 ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്ലിയുടെ നേട്ടം.

ബംഗളൂരു ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ സംപൂജ്യനായി മടങ്ങിയ കോഹ്ലി രണ്ടാം ഇന്നിങ്‌സിൽ മികച്ച പ്രകടനം കാഴ്ച വച്ചാണ് മടങ്ങിയത്. സർഫറാസ് ഖാനൊപ്പം മൂന്നാം വിക്കറ്റിൽ സെഞ്ച്വറിക്കൂട്ട് കെട്ട് പടുത്തുയർത്തിയ കോഹ്ലി മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് പുറത്തായത്. ഗ്ലെൻ ഫിലിപ്‌സിനായിരുന്നു താരത്തിന്റെ വിക്കറ്റ്. 102 പന്ത് നേരിട്ട കോഹ്ലിയുടെ സമ്പാദ്യം 70 റൺസായിരുന്നു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സൂപ്പ‍ര്‍ താരത്തിന്‍റെ ഇന്നിങ്‌സ്.

പൊരുതാനുറച്ച് ഇന്ത്യ

ചിന്നസ്വാമി ടെസ്റ്റിൽ പൊരുതാനുറച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്‌സിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര ഫോം വീണ്ടെടുത്തപ്പോൾ രണ്ടാം ഇന്നിങ്‌സിൽ പിറന്നത് മൂന്ന് അർധ സെഞ്ച്വറികൾ. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും സർഫറാസ് ഖാനും അർധ സെഞ്ച്വറി കുറിച്ചു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 231 റൺസെടുത്തിട്ടുണ്ട്. സന്ദർശകരുടെ ലീഡ് മറികടക്കാൻ ഇനിയും 125 റൺസ് കൂടി വേണം.

കിവീസ് ഉയർത്തിയ കൂറ്റൻ ലീഡ് മറികടക്കാൻ വേഗത്തിൽ സ്‌കോറുയർത്തണം എന്നിരിക്കേ ചിലത് കരുതിയുറപ്പിച്ചാണ് ഇക്കുറി രോഹിതും സംഘവും കളത്തിലിറങ്ങിയത്. സ്‌കോർബോർഡിൽ 72 റൺസ് ചേർത്ത ശേഷം രോഹിത്- ജയ്‌സ്വാൾ ജോഡി വേർപിരിഞ്ഞു. പിന്നീട് ഇന്ത്യൻ നായകന്റെ ഫിഫ്റ്റി. 63 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 52 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഒടുവിൽ രോഹിതും കൂടാരം കയറി. ഇന്ത്യൻ ഓപ്പണർമാർ രണ്ട് പേരെയും വീഴ്ത്തിയത് അജാസ് പട്ടേലാണ്.

പിന്നീടാണ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായക കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സർഫറാസ്- വിരാട് ജോഡി ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് 136 റൺസാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. സർഫറാസ് വെറും 42 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി കുറിച്ചത്. ഒടുവിൽ 70 റൺസില്‍ നില്‍ക്കേ കോഹ്ലിയുടെ പോരാട്ടം അവസാനിച്ചു. 102 പന്തിൽ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്‍റെ ഇന്നിങ്‌സ്. 78 പന്തിൽ 70 റൺസുമായി പുറത്താവാതെ സർഫറാസ് ക്രീസിലുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News