സ്റ്റോയ്നിസിനെ പിടിച്ചുനിര്‍ത്തിയ ഓവര്‍; സഞ്ജുവിന്‍റെ ഉപദേശത്തെക്കുറിച്ച് കുല്‍ദീപ് സെന്‍

കടുത്ത സമ്മര്‍ദ്ദത്തിനിടയിലും മനോഹരമായി പന്തെറിഞ്ഞ കുല്‍ദീപ് ആദ്യ നാലു ബോളില്‍ വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രം...

Update: 2022-04-14 10:11 GMT
Advertising

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഉജ്ജ്വല പ്രകടനത്തിലൂടെ രാജസ്ഥാനെ ജയിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് കുല്‍ദീപ് സെന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സുമായി കഴിഞ്ഞ ഞായറാഴ്ച നടന്ന ത്രില്ലര്‍ പോരാട്ടത്തിലാണ് റോയല്‍സ് മൂന്നു റണ്‍സിന്‍റെ നാടകീയ വിജയം പിടിച്ചുവാങ്ങിയത്. ജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും അവസാന ഓവര്‍ എറിഞ്ഞ അരങ്ങേറ്റക്കാര്‍ കുല്‍ദീപ് സെന്നിനുള്ളതായിന്നു. അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരിക്കെ വിജയത്തിലേക്ക് കുതിച്ച ലഖ്‌നൗവിനെ പ്രതിരോധിച്ച കുല്‍ദീപ് കയ്യടി വാങ്ങുകയായിരുന്നു.

അന്നത്തെ ആ ഓവര്‍ എറിയാന്‍ എത്തുന്നതിന് മുമ്പ് നായകന്‍ സഞ്ജു നല്‍കിയ ഉപദേശത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കുല്‍ദീപ് സെന്‍ വെളിപ്പെടുത്തി. 

''മാർക്കസ് സ്റ്റോയിനിസിനെതിരായ അവസാന ഓവര്‍ എറിയുന്നതിനുമുമ്പ്, ഓവറിൽ എക്സ്ട്രാ റൺസ് വഴങ്ങാതിരിക്കുകയായിരുന്നു എന്‍റെ ലക്ഷ്യം.. അത് നടപ്പാക്കാനായാല്‍ വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ ഓവറിൽ എക്സ്ട്രാസൊന്നും വഴങ്ങരുത്.. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരരുത്, പതിവ് പ്ലാനുകളിൽ ഉറച്ചുനിൽക്കുക... ഇതായിരുന്നു എന്‍‌റെ ഉദ്ദേശ്യം... സഞ്ജു എന്‍റടുത്ത് വന്ന് പറഞ്ഞു നീ ആഭ്യന്തര ക്രിക്കറ്റിൽ എങ്ങനെയാണോ പന്തെറിയുന്നത് അതുപോലെ ചെയ്യൂ...''. കുൽദീപ് സെന്‍‌ പറഞ്ഞു. " 

15 റണ്‍സായിരുന്നു അവസാന ഓവറില്‍ ലഖ്‌നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുള്ളത് ഫോമിലുള്ള മാര്‍ക്കസ് സ്‌റ്റോയ്‌നിസും. കളി രാജസ്ഥാന്‍ റോയല്‍സിന്‍റെ കൈയ്യില്‍ നിന്നും വഴുതി പോയേക്കുമെന്ന് വിചാരിച്ച ആരാധകര്‍ക്ക് അഹ്ലാദിക്കാനുള്ള വക സമ്മാനിച്ചാണ് കുല്‍ദീപ് ഓവര്‍ പൂര്‍ത്തിയാക്കിയത്. കടുത്ത സമ്മര്‍ദ്ദത്തിനിടയിലും മനോഹരമായി പന്തെറിഞ്ഞ കുല്‍ദീപ് ആദ്യ നാലു ബോളില്‍ വിട്ടുകൊടുത്തത് ഒരു റണ്‍സ് മാത്രം.

മികച്ച ടച്ചിലുള്ള സ്റ്റോയിനിസ്സിനെതിരെ 20–ാം ഓവറിൽ 15 റൺസ് പ്രതിരോധിക്കുക എന്ന തികച്ചും ശ്രമകരമായ ദൗത്യമായിരുന്നു, അതും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ അങ്ങനെയൊരു ചാന്‍സ് എടുക്കുക. ആദ്യ പന്തിൽ സ്ട്രൈക്കിലുള്ള ആവേശ് ഖാൻ സിംഗിൾ നേടിയതോടെ ലഖ്നൌവിന് ജയത്തിനു വേണ്ടത് 5 പന്തിൽ 14 റൺസ്. തകര്‍പ്പന്‍ ഫോമിലുള്ള സ്റ്റോയിനിസിന് 3 പന്തില്‍ കളി ഫിനിഷ് ചെയ്യാം. എന്നാൽ പിന്നീടുള്ള മൂന്ന് പന്തുകളിൽ കുൽദീപ് സെൻ തന്‍റെ ബൌളിങ് മികവെന്താണെന്ന് കാട്ടിത്തന്നു. സമ്മർദത്തെ അതിജീവിച്ച്, സ്റ്റോയ്നിസ്സിനെ കാഴ്ചക്കാരനാക്കി തുടർച്ചയായി മൂന്ന് ഡോട് ബോളുകൾ.

തുടര്‍ന്നുള്ള രണ്ടു ബോളുകളില്‍ സ്‌റ്റോയ്‌നിസ് ബൗണ്ടറിയും സിക്‌സറുമടിച്ചെങ്കിലും അപ്പോഴേക്കും രാജസ്ഥാന്‍ മത്സരം ജയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കുന്ന 25 കാരൻ പേസറെ മെഗാ താരലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ സ്വന്തമാക്കിയത്. ട്വന്റി20 ക്രിക്കറ്റിൽ 18 കളിയിൽ 8.20 ഇക്കോണമി നിരക്കിൽ 12 വിക്കറ്റാണ് കുല്‍ദീപിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News