റാഷ്ഫോര്‍ഡിന്‍റെ തകര്‍പ്പന്‍ ഗോള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ലോങ് റേഞ്ചർ ബെറ്റിസ് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.

Update: 2023-03-17 05:21 GMT

റാഷ്ഫോര്‍ഡ് ഗോള്‍ നേടുന്നു

Advertising

പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലും മികവ് ആവര്‍ത്തിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു മാഞ്ചസ്റ്ററിന്‍റെ കുതിപ്പ്. ആദ്യ പാദത്തില്‍ ബെറ്റിസിനെ മാഞ്ചസ്റ്റര്‍ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തിരുന്നു. ഇതോടെ ഗോള്‍ അഗ്രിഗേറ്റ് (5-1) ആയി. 

റാഷ്ഫോഡിന്‍റെ ഫിനിഷിങ് മികവിലായിരുന്നു യുണൈറ്റഡിന്‍റെ വിജയം. വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന തന്ത്രമാണ് ബെറ്റിസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. അധ്വാനിച്ചു കളിച്ചതിന്‍റെ ഫലമെന്നോണം അവർ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രതിരോധ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ഡി ഹിയയുടെ സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റിനിര്‍ത്തി.

മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒരുപിടി നല്ല അവസരങ്ങൾ ലഭിച്ചു. ഇതിനിടയില്‍ വേഗോസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയിലെ 56-ാം മിനുട്ടിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറക്കുന്നത്.  മാർക്കസ് റാഷ്ഫോർഡിന്‍റെ ഫിനിഷിങ് മികവ് കണ്ട അത്യുഗ്രന്‍ ഗോള്‍. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ലോങ് റേഞ്ചർ ബെറ്റിസ് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.

ഇതോടെ ആതിഥേയരുടെ പോരാട്ട വീര്യവും ചോർന്നു. റാഷ്ഫോഡിന്റെ ടൂർണമെന്‍റിലെ ആറാം ഗോളായിരുന്നു ഇത്. സീസണിൽ 43 മത്സരങ്ങളിൽ നിന്നായി 27-ാമത്തെ ഗോളും. ലോകകപ്പിന് ശേഷം മിന്നും ഫോമിലുള്ള റാഷ്ഫോര്‍ഡ് 24 മത്സരങ്ങളിൽ നിന്ന് ഇതുവരെ 19 ഗോളാണ് അടിച്ചുകൂട്ടിയത്.

ബെറ്റിസ് ആശ്വാസ ഗോള്‍ നേടാനുളള്ള ശ്രമം നടത്തിയെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ സ്പാനിഷ് ക്ലബിനായില്ല. ഇതോടെ വിജയമുറപ്പിച്ച മാഞ്ചസ്റ്റര്‍ ക്വാർട്ടറിലേക്ക് മുന്നേറി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News