നാലാം സ്ഥാനക്കാരായി തലയുയര്‍ത്തി മടക്കം; മൊറോക്കൻ ടീമിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം
പതിനായിരക്കണക്കിന് ജനങ്ങളാണ് പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായി തെരുവോരങ്ങളിൽ പ്രിയ ടീമിനെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്
റബാത്: ലോകകപ്പിൽ നാലാം സ്ഥാനക്കാരായി തലയുയർത്തി മടങ്ങിയ മൊറോക്കോ ടീമിന് വമ്പൻ സ്വീകരണമൊരുക്കി ജന്മനാട്. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന നേട്ടമാണ് മൊറൊക്കോ സ്വന്തമാക്കിയത്. പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവോരങ്ങളിൽ തങ്ങളുടെ പ്രിയ ടീമിനെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്.
വിമാനത്താവളം മുതൽ ടീമിന് രാജകീയ വരവേൽപാണ് ലഭിച്ചത്. തലസ്ഥാനമായ റബാതിന്റെ പ്രധാന നിരത്തിലൂടെ ചുവന്ന ഓപ്പണ്‍-ടോപ്പ് ബസിലൂടെ ടീം വലംവെച്ചു. പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായാണ് മൊറോക്കക്കാർ കളിക്കാരെ അഭിവാദ്യം ചെയ്തത്.
രാജ്യത്തിന്റെ ചരിത്രപരവുമായ നേട്ടം ആഘോഷിക്കുന്നതിനായി മുഹമ്മദ് ആറാമൻ രാജാവ് ടീം അംഗങ്ങൾക്കും അവരുടെ ഉമ്മമാർക്കും റാബത്തിലെ കൊട്ടാരത്തിൽ സ്വീകരണം നൽകി. രാജാവ് മുഹമ്മദ് ആറാമൻ, കിരീടവകാശി മൗലായ് അൽ ഹസ്സൻ, പ്രിൻസ് മൗലായ് റഷീദ് എന്നിവർ രാജകൊട്ടാരത്തിൽ ടീംമംഗങ്ങളെയും ഉമ്മമാരെയും ആദരിച്ചു. രാജാവിന്റെ രണ്ടാമത്തെ വലിയ ബഹുമതിയായ ഓർഡർ ഓഫ് ദ ത്രോൺ പുരസ്കാരം കോച്ച് വാലിദ് റെഗ്രാഗുയിക്കും മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഫൗസി ലെക്ജാക്കും സമർപ്പിച്ചു.
മൂന്നാമത്തെ വലിയ ബഹുമതിയായ ഓഫീസർ പദവിയാണ് താരങ്ങൾക്ക് ലഭിച്ചത്. 0.01 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ടീം നാലാം സ്ഥാനത്തെത്തിയത് ആഹ്ലാദകരമാണെന്ന് കോച്ച് പറഞ്ഞു. ലോകത്തെ നാലാമത്തെ മികച്ച ടീം മൊറോക്കോയാണെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തിന് ശേഷം ഞങ്ങൾ മടങ്ങിവരാൻ ശ്രമിക്കുമെന്ന് 47 കാരനായ കോച്ച് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കോച്ചായി ചുമതലയേറ്റത്.
ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതിയായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബെൽജിയത്തെ നാട്ടിലേക്കയച്ച് ഒറ്റ മത്സരം പോലും തോൽക്കാതെ മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിലെത്തുമ്പോൾ ആരും മൊറോക്കോയെ എഴുതിത്തള്ളാൻ തയ്യാറായിരുന്നില്ല. ഒടുക്കം ചരിത്രം വീണ്ടുമാവർത്തിച്ചു. ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്തെറിഞ്ഞ് ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറുകയായിരുന്നു മൊറോക്കോ. ലൂസേഴ്‌സ് ഫൈനലില്‍ ക്രൊയോഷ്യയോട് തോറ്റെങ്കിലും ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്താണ് മെറൊക്കോ ഖത്തറില്‍ നിന്ന് മടങ്ങിയത്.