അമ്പയർക്ക് സംഭവിച്ച ആനമണ്ടത്തരം; പിറന്നത് വിചിത്ര റെക്കോർഡ്
കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് പിറന്നൊരു ഒരു അപൂർവ റെക്കോർഡാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചകളില്‍ നിറയേ
കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് പിറന്നൊരു ഒരു അപൂർവ റെക്കോർഡാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയേ. ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലരങ്ങേറിയ ഏകദിന മത്സരത്തിൽ ന്യൂസിലന്റ് സ്പിന്നർ ഈഡൻ കാർസൺ എറിഞ്ഞത് 11 ഓവറാണ്. ഏകദിനത്തിൽ ഒരു ബോളർക്ക് പത്തോവർ മാത്രമേ എറിയാവൂ എന്നിരിക്കെ കാർസൺ മാത്രം 11 ഓവർ എറിഞ്ഞത് എങ്ങനെയാണ്. അതിന് പിന്നില്‍ അമ്പയര്‍ക്ക് സംഭവിച്ചൊരു ആന മണ്ടത്തരത്തിന്‍റെ കഥയുണ്ട്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന കാര്‍സണ്‍ 45ാം ഓവർ എറിഞ്ഞതോടെ തന്‍റെ പത്തോവർ ക്വാട്ട പൂർത്തിയാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഒരിക്കൽ കൂടി കാർസൻ ബോൾ ചെയ്യാനായി ബോളിങ് എന്‍റിലെത്തി. മത്സരത്തിലെ 47 ാം ഓവര്‍ പൂർണമായി എറിയുകയും ചെയ്തു. കാർസൻ പത്തോവർ പൂർത്തിയാക്കിയ വിവരം അമ്പയർമാരോ മാച്ച് ഒഫീഷ്യൽസോ എന്തിന് ന്യൂസിലാന്റ് ക്യാപ്റ്റൻ പോലും ശ്രദ്ധിച്ചിരുന്നില്ല. മത്സരത്തിന് ശേഷമാണ് മാച്ച് ഒഫീഷ്യല്‍സിന് തങ്ങള്‍ക്ക് സംഭവിച്ച അമളി ബോധ്യമായത്.ഇതോടെ കാര്‍സന്‍ തന്‍റെ പേരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു റെക്കോര്‍ഡും എഴുതിച്ചേര്‍ത്തു.
മത്സരത്തിൽ 11 ഓവർ എറിഞ്ഞ കാർസൻ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 11ാം ഓവറിൽ കാർസൻ വെറും ഒരു റൺസാണ് വഴങ്ങിയത്. മത്സരത്തിൽ ന്യൂസിലാന്റ് 111 റൺസിന്റെ കൂറ്റൻ വിജയമാണ് കുറിച്ചത്. സെഞ്ച്വറിയുമായി കളംനിറഞ്ഞ ക്യാപ്റ്റൻ സോഫി ഡിവൈനിന്റെ മികവിൽ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ലങ്ക വെറും 218 റൺസിന് കൂടാരം കയറുകയായിരുന്നു