'കിട്ടുന്ന അവസരങ്ങള്‍ മുതലാക്കണം'; സഞ്ജുവിനെ ടീമില്‍ എടുക്കാത്തതില്‍ അഗാര്‍ക്കര്‍
''ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ്''
ഹർദിക് പാണ്ഡ്യയെ മറികടന്ന് ശുഭ്മാന്‍ ഗില്ലെങ്ങനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായി? സഞ്ജുവിന് ഇനിയും ഏകദിന ടീമിൽ സ്ഥിരസാന്നിധ്യമാവാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഋതുരാജ് ഗെയിക്വാദ് എന്ത് കൊണ്ടാണ് ഇപ്പോഴും പുറത്തിരിക്കുന്നത്? ശ്രീലങ്കയിലേക്ക് വണ്ടി കയറുന്നതിന് തൊട്ട് മുമ്പ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനും മുഖ്യസെലക്ടർ അജിത് അഗാർക്കറിനും നേരെ ചോദ്യ ശരങ്ങളെയ്യുകയായിരുന്നു മാധ്യമപ്രവർത്തകർ. സോഷ്യല്‍ മീഡിയയില്‍ ആരാധകരും ക്രിക്കറ്റ് വിശാരദരുമൊക്കെ ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരുന്ന ചോദ്യങ്ങള്‍ക്കെല്ലാത്തിനും മറുപടി നൽകിയാണ് ഗംഭീറും ഇന്ത്യൻ സംഘവും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. സൂര്യ കുമാർ യാദവിന്റെ ടി 20 ക്യാപ്റ്റൻസി മുതൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇനിയെത്ര കാലം ടീമിലുണ്ടാവുമെന്ന കാര്യത്തിൽ വരെ വ്യക്തത വരുത്തി ഗംഭീർ.
ഹർദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് അഗാർക്കർ കാരണമായി പറഞ്ഞത് ഫിറ്റ്‌നസാണ്. ഫിറ്റ്‌നസ് ഹർദികിന്റെ കരിയറിൽ എപ്പോഴും വില്ലൻ വേഷത്തിലുണ്ടെന്നും ലഭ്യത കൂടി പരിഗണിച്ചാണ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
''ഹർദിക് ഇപ്പോഴും ടീമിലെ പ്രധാന താരം തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ് ഒരു പ്രശ്‌നമാണ്. ഇടക്കിടെ പരിക്ക് പിടികൂടുന്നൊരാള്‍ക്ക് സ്ഥിരമായി ക്യാപ്റ്റന്‍സിയില്‍ തുടരാനാവില്ല. താരങ്ങളുടെ ലഭ്യത കൂടി പരിഗണിച്ചാണ് ക്യാപ്റ്റനെ നിശ്ചയിച്ചത്. ഓരോരുത്തരോടും വ്യക്തമായി സംസാരിച്ച ശേഷമാണ് ചുമതലകൾ നൽകിയത്. ഹർദികിനോടും ഇക്കാര്യത്തിൽ ഞങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. നേരത്തേ ഹർദികിന് പരിക്കേറ്റപ്പോൾ ടീമിന് അതൊരു വെല്ലുവിളിയായിരുന്നു. രോഹിത് ഫിറ്റ്‌നസോടെ കളിച്ചത് കൊണ്ടാണ് കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളിലാതെ പോയത്. എന്നാല്‍ ഇത് പോലൊരു അവസ്ഥ ഭാവിയിൽ ഉണ്ടാവരുതെന്ന നിർബന്ധമുണ്ട് ഞങ്ങൾക്ക്. അതിനാലാണ് മൂന്ന് ഫോർമാറ്റിലും കളിച്ച് പരിജയമുള്ള ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇപ്പോൾ തന്നെ കൊണ്ടു വന്നത്''- അഗാര്‍ക്കര്‍ പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണ് എന്ത് കൊണ്ട് ഏകദിന ടീമിൽ ഇടംലഭിച്ചില്ല എന്ന ചോദ്യത്തിന് അഗാർക്കറിന്റെ മറുപടി എല്ലാവരെയും ഒരുമിച്ച് ടീമിലെടുക്കാനാവില്ലല്ലോ എന്നായിരുന്നു. ''ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ്. പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തെ ടി20 ഫോർമാറ്റിൽ മാത്രമാണ് കളിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന നിർണായക പരമ്പരകൾ കണക്കിലെടുത്താണ് പന്തിന് ഏകദിന ടീമിലും അവസരം നൽകിയത്. പന്തിനെ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു അടക്കമുള്ള താരങ്ങൾക്ക് നിർഭാഗ്യം കൊണ്ട് അവസരം നഷ്ടമായി. കിട്ടുന്ന അവസരങ്ങൾ താരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാലെ ടീമിൽ സ്ഥിരം സാന്നിധ്യമാവാൻ കഴിയൂ.''- അഗാർക്കർ പറഞ്ഞു. അതേ സമയം കിട്ടിയ അവസരങ്ങളിൽ ഒക്കെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതിന് ശേഷവും സഞ്ജു പുറത്താണല്ലോ എന്ന ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. ഗെയിക്വാദിനേയും അഭിഷേക് ശര്‍മയേയും ഒഴിവാക്കിയതിലും സമാന കാരണങ്ങളാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
കളിക്കാർക്ക് തുടർച്ച നൽകാതെ ഇടക്കിടെ മാറ്റുന്നത് ശരിയാണോ? ചോദ്യം ഗംഭീറിനോടായിരുന്നു. കളിക്കാരുടെ തുടർച്ച പ്രധാനമാണെന്നും എന്നാൽ മൂന്ന് ഫോർമാറ്റിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരങ്ങളുണ്ടെങ്കിൽ അവരെ ടീമിൽ ഉൾപ്പെടുത്തണം എന്നു തന്നെയാണ് തന്റെ നിലപാടെന്നും ഗംഭീർ പറഞ്ഞു. ഏകദിനത്തിനും ടി20 ക്കും ടെസ്റ്റിനും വ്യത്യസ്ത ടീമുകൾ എന്ന ആശയം ഒറ്റയടിക്ക് നടപ്പിലാക്കാനാവില്ല. ടി20 ക്രിക്കറ്റിൽ നിന്ന് മൂന്ന് താരങ്ങൾ വിരമിച്ചതോടെ മൂന്ന് പുതിയ താരങ്ങൾക്ക് അവസരം ലഭിച്ചു. ക്രിക്കറ്റിൽ തലമുറമാറ്റം സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഗംഭീര്‍ പറഞ്ഞു
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. ഗംഭീറിന്‍റെ കയ്യില്‍ ഇതിനും കൃത്യമായ മറുപടിയുണ്ടായിരുന്നു. ''വലിയ വേദികളിൽ എന്താണ് തങ്ങളെക്കൊണ്ട് ചെയ്യാനാവുക എന്ന് ഈ രണ്ട് ഇതിഹാസങ്ങളും എത്രയോ തവണ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ഇപ്പോഴും അവരിൽ പ്രതിഭ അവശേഷിക്കുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫി വരാനിരിക്കുന്നു. ഫിറ്റ്‌നസ് നിലനിർത്തുകയാണെങ്കിൽ 2027 ഏകദിന ലോകകപ്പ് കളിക്കാനും ഇരുവർക്കുമാവും'- ഗംഭീര്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞു.
രവീന്ദ്ര ജഡേജയ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും മൂന്ന് ഏകദിനങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ അക്സര്‍ പട്ടേലിനും ജഡേജക്കും ഒരുമിച്ച് അവസരം നല്‍കാനാവില്ലെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ജഡേജ ടീമിലുണ്ടാവുമെന്ന് അഗാര്‍ക്കര്‍ ഉറപ്പ് നല്‍കി. അതേ സമയം ബുംറക്ക് വിശ്രമം അനുവദിച്ചത് വലിയ ടൂര്‍ണമെന്‍റുകള്‍ മുന്നില്‍ കണ്ടാണെന്നും മുഹമ്മദ് ഷമി സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയോടെ ടീമില്‍ തിരിച്ചെത്തുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ വിമാനമിറങ്ങിയത് ഇന്നലെയാണ്. അടുത്ത ശനിയാഴ്ചയാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. ആഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പരയാരംഭിക്കുക.