പാരാകെ പാരിസ്; ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു
ബാഡ്മിന്റൺ താരം പിവി സിന്ധുവാണ് ഇന്ത്യൻ സംഘത്തിനൊപ്പം പതാകയേന്തിയത്.
പാരീസ്: പാരീസ് ഒളിമ്പിക്‌സിന് വർണാഭമായ തുടക്കം. ലോകത്തെ അമ്പരപ്പിച്ച് സെന്റ് നദിയിലൂടെ വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകൾ ഒളിമ്പിക്‌സ് പരേഡ് നടത്തി. ഇരുകരകളിലും കായിക മാമാങ്കത്തെ വരവേറ്റ് ലക്ഷങ്ങൾ അണിനിരന്നു.
പത്തോ അമ്പതോ അല്ല നൂറ് വർഷം. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി പാരീസ് കാത്തിരിക്കുകയായിരുന്നു ഇക്കാലമത്രയും. ലോകത്തെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ടാണ് ഒളിമ്പിക്‌സിനെ പാരീസ് സ്വീകരിച്ചത്. ജനസാഗരത്തെ വകഞ്ഞൊഴുകുന്ന സെയ്ൻ നദി, അതിലൂടെ ബോട്ടുകളിൽ നിറഞ്ഞ ചിരിയോടെ അത്‌ലറ്റുകൾ. ചരിത്രത്തിലെ ആദ്യ ഫ്‌ളോട്ടിങ് പരേഡ്.
ബാഡ്മിന്റൺ താരം പിവി സിന്ധുവാണ് ഇന്ത്യൻ സംഘത്തിനൊപ്പം പതാകയേന്തിയത്. പാലങ്ങളിൽ, ബഹുനില കെട്ടിടത്തിന് മുകളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം താരങ്ങളെ അഭിവാദ്യം ചെയ്തു. ആദ്യം ഗ്രീസ്, പിന്നാലെ ദക്ഷിണാഫ്രിക്ക അങ്ങനെ ഓരോ രാജ്യങ്ങളിലെ താരങ്ങളും ബോട്ടിലൂടെ പാരീസ് നഗരഹൃദയത്തിലൂടെ ഒഴുകി.
ഫ്‌ളോട്ടിങ് പരേഡ് ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് പ്രകടനങ്ങളുമായി ലേഡി ഗാഗയടക്കമുള്ള കലാകാരന്മാർ കാണികളുടെ കണ്ണും മനസും നിറച്ചു. പരേഡ് നടക്കുന്നതിനിടെ മഴ പെയ്‌തെങ്കിലും ആരുടേയും മനസ് മടുത്തില്ല. ചിലർ റെയ്ൻ കോട്ടുകളിൽ കയറി മറ്റുള്ളവർ കുട നിവർത്തി. മാർച്ച് പാസ്റ്റിന് പിന്നാലെ സെയ്ൻ നദിക്ക് മുകളിലൂടെ ഒരു വെള്ളക്കുതിരയോടി. ജൂഡോ താരം ടെഡി റൈനറും മുൻ സ്പ്രിന്റ് താരം മറി ജോസെ പെരക്കും ചേർന്ന് ഒളിമ്പിക്‌സ് ദീപം തെളിയിച്ചതോടെ പരീസ് ഒളിമ്പിക്‌സിന് വർണാഭമായ തുടക്കമായി.