കൊടിപിടിക്കാതെ, വിപ്ലവത്തിനിറങ്ങാതെ വിമോചന നായകനായ പെലെ

കറുത്തവനെ വെറുപ്പോടെ കണ്ട വെള്ളക്കാരന്‍ ആ കറുത്ത മുത്തിനെ ഒന്നുമ്മ വെയ്ക്കാന്‍ മത്സരിക്കുന്നതാണ് പിന്നെ കണ്ടത്

Update: 2022-12-30 01:55 GMT
Editor : Lissy P | By : Web Desk
Advertising

സാവോപോളോ: കളിക്കളത്തിൽ മാത്രമല്ല പെലെ ഇതിഹാസമായത്. വർണ വിവേചനം കൊടികുത്തിവാണ കാലത്ത് ആഫ്രിക്കയിലും അമേരിക്കയിലും വിമോചന നായകനായി മാറി പെലെ. ഒരർഥത്തിൽ കൊടിപിടിക്കാത്ത വിപ്ലവ നായകനായി പെലെയെ വിശേഷിപ്പിക്കാം.

'ഞാൻ ഫുട്ബാളിനു വേണ്ടി ജനിച്ചവനാണ്. ബീഥോവൻ സംഗീതത്തിനുവേണ്ടി ജനിച്ചതുപോലെ, പെലെ വിമോചന പ്രഖ്യാപനം നടത്തിയത് ഇത്തിരിപ്പോന്ന പന്തുകൊണ്ടാണ്. പക്ഷേ അതിന്റെ പ്രതിധ്വനി സമുദ്രങ്ങളും കൊടുമുടികളും കടന്ന് വൻകരകളെ പ്രകമ്പനം കൊള്ളിച്ചു'... വിഖ്യാത ബ്രസീലിയൻ മാധ്യമപ്രവർത്തകൻ മാരിയോ ഫിലോ പെലെയെ വിശേഷിപ്പിച്ചത് ഇങ്ങനെ. 'കറുത്തവനും വെളുത്തവനും തമ്മിലുള്ള വിടവ് നികത്താൻ പെലെയോളം ലോകചരിത്രത്തിൽ സംഭാവന ചെയ്ത മറ്റൊരാളില്ല. അയാൾക്ക് വേണ്ടി കയ്യടിക്കുന്നവരെല്ലാം കറുത്തവന് വേണ്ടി കൂടിയാണ് കയ്യടിക്കുന്നത്'....

ബ്രസീൽ മൂന്നാം ലോകകിരീടമുയർത്തി പെലെ ഫുട്‌ബോളിൽ അമരത്വം പ്രഖ്യാപിച്ചപ്പോൾ ആഫ്രിക്കേഷ്യ മാഗസിന്റെ സെനഗൽ റിപ്പോർട്ടർ ഒരു കവിതകൊണ്ടാണ് ആ നിമിഷത്തെ അടയാളപ്പെടുത്തിയത്. 'നാസിമെന്റോ കറുത്തവനേക്കാൾ മികച്ച ഒരു ഒരുവംശമില്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. ഒരു നിറവും മറ്റൊന്നിന് മുകളിലല്ലെന്ന് കാണിച്ചിരിക്കുന്നു. ഏതർത്ഥത്തിലും നിങ്ങളീ ലോകത്തിന്റെ രാജാവാണ്.. നിങ്ങളൊരു നീഗ്രോയാണ്. കറുത്തവംശജന്റെ അടയാളമായി നിങ്ങൾ തലയുയർത്തി നിൽക്കുക'....

കുഞ്ഞുനാളിൽ മോളക് അഥവാ കറുമ്പൻ എന്ന വിളി പലതവണ കേട്ടവനാണ്. കറുത്തവനെ വെറുപ്പോടെ കണ്ട വെള്ളക്കാരന്‍ ആ കറുത്ത മുത്തിനെ ഒന്നുമ്മ വെയ്ക്കാന്‍ മത്സരിക്കുന്നതാണ് പിന്നെ കണ്ടത്.

ഫുട്ബോള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍ ലോകം അയാള്‍ക്ക് ഹൃദയത്തിലൊരു ഇടം നല്‍കി. പെലെ ഫുട്‌ബോൾ ഹൃദയത്തോട് ചേർത്തുവച്ചപ്പോൾ മനുഷ്യർ അയാൾക്ക് ഹൃദയത്തിലൊരു ഇടം നൽകി, വർണ വ്യത്യാസമില്ലാതെ ലോകം ആദ്യമായി നെഞ്ചേറ്റിയ മനുഷ്യന്റെ പേര് കൂടിയാണ് പെലെ .ശരിക്കും പെലെ പോലുമറിയാതെ അയാൾ ഒരു വിമോചന നായകനാവുകയായിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News