കാൺപൂരിൽ മഴക്കളി; 35 ഓവറിൽ തീർന്ന് ഒന്നാം ദിനം
ആകാശ് ദീപിന് രണ്ട് വിക്കറ്റ്
കാൺപൂർ ടെസ്റ്റിൽ രസംകൊല്ലിയായി മഴ. വെറും 35 ഓവർ മാത്രമെറിഞ്ഞ് ഒന്നാം ദിനം കളിയവസാനിപ്പിച്ചു. 107 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി.
കളിയില്‍ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒമ്പതാം ഓവറിൽ ഓപ്പണർ സാകിർ ഹുസൈനെ സംപൂജ്യനാക്കി മടക്കിയാണ് ആകാശ് ദീപ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേൽപ്പിച്ചത്. 24 പന്ത് നേരിട്ട ശേഷമായിരുന്നു സാകിറിന്റെ മടക്കം. നാലോവറുകൾക്കിപ്പുറം ശദ്മൻ ഇസ്ലാമിനെയും ആകാശ് കൂടാരം കയറ്റി. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച മുഅ്മിനുൽ ഹഖും നജ്മുൽ ഹുസൈൻ ഷാന്റോയും ചേര്‍ന്ന് ബംഗ്ലാദേശ് സ്‌കോർബോർഡ് ഉയർത്തി.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ആദ്യ ടെസ്റ്റിലെ ഹീറോ ആർ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാന്റോയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീടാണ് രസംകൊല്ലിയായി മഴയുടെ രംഗപ്രവേശം. പത്തോവർ എറിഞ്ഞ ആകാശ് ദീപ് 34 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇതിൽ നാലോവറുകൾ മെയിഡിനായിരുന്നു.