സ്റ്റാർക്കിനെ പറപ്പിച്ച പന്താട്ടം; പഴങ്കഥയായത് 50 വർഷം പഴക്കമുള്ളൊരു റെക്കോർഡ്
സ്റ്റാര്‍ക്കിനെ തുടരെ രണ്ട് സിക്സറുകള്‍ പറത്തിയാണ് പന്ത് അര്‍ധ സെഞ്ച്വറി ആഘോഷിച്ചത്
സിഡ്‌നിയിൽ സത്യത്തിൽ ടെസ്റ്റാണോ അതോ ടി20 യാണോ അരങ്ങേറുന്നത് എന്ന് ഒരുവേള ഗാലറി സംശയിച്ചിട്ടുണ്ടാവും. ശുഭ്മാൻ ഗിൽ പുറത്തായ ശേഷം അഞ്ചാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് കളിയെ ടോപ് ഗിയറിലേക്ക് മാറ്റുന്നത് അവിശ്വസനീയതോടെയാണ് ആരാധകര്‍ കണ്ടു നിന്നത്.
ഓസീസ് നിരയിൽ മികച്ച ഫോമിൽ പന്തെറിയുന്ന മിച്ചൽ സ്റ്റാർക്കും ബോളണ്ടും അരങ്ങേറ്റക്കാരൻ വെബ്സ്റ്ററുമൊക്കെ പന്തിന്റെ ബാറ്റിന്റെ ചൂട് ആവോളമറിഞ്ഞു. വെറും 33 പന്തിൽ നിന്ന് ആറ് ഫോറും നാല് സിക്‌സും സഹിതം 61 റൺസാണ് പന്ത് അടിച്ചെടുത്തത്. 184 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. മിച്ചൽ സ്റ്റാർക്കിനെ ഒരോവറിൽ തുടരെ രണ്ട് സിക്‌സുകൾ പറത്തിയാണ് താരം അർധ സെഞ്ച്വറി ആഘോഷിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് പന്തിന്റേത്. 29 പന്തിൽ നിന്നാണ് താരത്തിന്‍റെ അർധ സെഞ്ച്വറി പിറന്നത്. ഈ പട്ടികയിലെ ഒന്നാമനും പന്ത് തന്നെ. 2022 ൽ ശ്രീലങ്കക്കെതിരെ പന്ത് അർധ സെഞ്ച്വറി കുറിച്ചത് 28 പന്തിലാണ്.
അതേ സമയം മറ്റൊരു വലിയ റെക്കോർഡ് പന്ത് സിഡ്‌നിയിൽ കുറിച്ചു. ആസ്‌ത്രേലിയൻ മണ്ണിൽ ഒരു സന്ദർശക ബാറ്ററുടെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോർഡിലാണ് താരം തൊട്ടത്. ഇംഗ്ലീഷ് ഇതിഹാസം ജോൺ ബ്രൗൺ 33 പന്തിൽ അർധ സെഞ്ച്വറി കുറിച്ച റെക്കോർഡാണ് പന്ത് പഴങ്കഥയാക്കിയത്.