കിരീടമില്ലാതെ സാനിയയുടെ മടക്കം; ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ -ബൊപ്പണ്ണ സഖ്യത്തിന് തോൽവി
സാനിയ മിർസയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റായിരുന്നു ഇത്
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്റെ സ്റ്റെഫാനി - മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.
14 ാം വയസിൽ രോഹൻ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണൽ ടെന്നീസിൽ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാൻസ്ലം മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.
സെമിയിൽ ബ്രിട്ടന്റെ നീൽ പുപ്‌സ്‌കി- യു.എസിന്റെ ഡിസൈർ ക്രവാഷിക് സംഖ്യത്തെ തോൽപ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലിൽ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലിൽ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാൻസ്ലം ഫൈനൽ കൂടിയായിരുന്നു ഇത്.